കരുനാഗപ്പള്ളി: പാവുമ്പ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ടാറിംഗ് അനന്തമായി നീളുന്നതിനെ ചൊല്ലി നാട്ടിൽ പ്രതിഷേധം വ്യാപകമാകുന്നു. നാല് വർഷം മുമ്പ് ആരംഭിച്ച പാലം പണി പൂർത്തിയായെങ്കിലും അപ്രോച്ച് റോഡ് ഇനിയും ടാർ ചെയ്തിട്ടില്ല.
ആറ് മാസം മുമ്പ് റോഡ് ടാർ ചെയ്തെങ്കിലും രണ്ടാഴ്ചക്കുള്ളിൽ ടാറിംഗ് പൂർണമായും ഇളകിപ്പോയി. പിന്നീട് ടാറിംഗ് നടത്താനുള്ള നടപടികളൊന്നും അധികൃതരുടെയും കരാറുകാരന്റെയും ഭാഗത്ത് നിന്നുണ്ടാകുന്നില്ല. സി. ദിവാകരൻ എം.എൽ.എ കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തെ പ്രതിനിധീകരിച്ചപ്പോൾ അദ്ദേഹത്തിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 2.25 കോടി രൂപ ചെലവഴിച്ചാണ് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. പാമ്പുമ്പ തോടിന് കുറുകെ ഉണ്ടായിരുന്ന, അരനൂറ്റാണ്ടോളം പഴക്കമുള്ള പാലം പൊളിച്ച് നീക്കിയാണ് പുതിയ പാലം പണിതത്. തുടക്കത്തിൽ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഒച്ചിഴയും വേഗത്തിലായിരുന്നു. പാലം പണി സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ കരാറുകാരൻ കാട്ടിയ അനാസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാർ ആക്‌ഷൻ കൗൺസിൽ രൂപീകരിച്ച് ജനകീയ സമരം സംഘടിപ്പിച്ചു. തുടർന്ന് വല്ലവിധേനെയും കരാറുകാരൻ പാലം പണി പൂർത്തിയാക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ അപ്രോച്ച് റോഡിന്റെ നിർമ്മാണം ആവശ്യപ്പെട്ട് വീണ്ടും സമര രംഗത്തെത്തി. ഉദ്യോഗസ്ഥരുടെ സമ്മർദ്ദത്തെ തുടർന്ന് ആറ് മാസം മുമ്പ് പാലത്തിന്റെ ഇരുവശവും റോഡ് ടാർ ചെയ്തു. എന്നാൽ പണിയിലെ അപാകതകൾ കാരണം രണ്ടാഴ്ചയ്ക്കുള്ളിൽ ടാറിംഗ് മൊത്തമായി ഇളകിപ്പോവുകയായിരുന്നു. ഇപ്പോൾ റോഡ് കണ്ടാൽ നേരത്തെ ടാറിംഗ് നടത്തിയതാണെന്ന് തോന്നുക പോലമില്ല.
തെക്കും കിഴക്കും പടിഞ്ഞാറും ഭാഗങ്ങൾ വെള്ളത്താലും വടക്ക് ഭാഗം പുഞ്ചയാലും ചുറ്റപ്പെട്ട പാവുമ്പയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്നത് പാലമാണ്. പാവുമ്പ ഹയർസെക്കൻഡറി സ്കൂൾ, അമൃത യു.പി സ്കൂൾ, ശ്രീനാരായണ പബ്ളിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജ്, മുല്ലയ്ക്കൽ യു.പി സ്കൂൾ, മുല്ലയ്ക്കൽ എസ്.എൻ സ്കൂൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള റോഡിലാണ് പാലം. നൂറ് കണക്കിന് വിദ്യാത്ഥികളാണ് ദിവസവും പാലത്തിലൂടെ സഞ്ചരിക്കുന്നത്. വേനൽക്കാലത്ത് പൊടിപടലം കൊണ്ട് ജനജീവിതം ദുസ്സഹമാകും. മഴക്കാലത്താകട്ടെ കുഴികളിൽ വെള്ളം കെട്ടിനിന്ന് അപ്രോച്ച് റോഡ് അപകടക്കെണിയായി മാറും. ഉദ്യോഗസ്ഥരുടെ പരോക്ഷമായ സഹായമാണ് കരാറുകാരന് തുണയാകുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇതിനെതിരെ യൂത്ത് കോൺഗ്രസ് പ്രത്യക്ഷ സമരപരിപാടികൾ ആരംഭിച്ചിട്ടുണ്ട്. കരുനാഗപ്പള്ളി നഗരത്തെ മലയോര മേഖലയുമായി ബന്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന പാവുമ്പ പാലത്തിന്റെ അപ്രോച്ച് റോഡ് ഉടൻ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.