പുനലൂർ: കിഴക്കൻ മലയോര വാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് പുനലൂരിൽ അനുവദിച്ച ആർ.ഡി ഓഫീസ് കേരളപ്പിറ വിദനമായ നവംബർ ഒന്നിന് പ്രവർത്തനം തുടങ്ങുമെന്ന് മന്ത്രി കെ. രാജു അറിയിച്ചു. ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രിയുടെ സൗകര്യം കണക്കിലെടുത്ത് പിന്നീട് നടത്തും.
പുനലൂർ ടി.ബി ജംഗ്ഷനിലെ പൊതുമാരാമത്ത് വകുപ്പിന്റെ കെട്ടിട സമുച്ചയത്തിലാണ് ആർ.ഡി ഓഫീസ് പ്രവർത്തനം തുടങ്ങുക. പിന്നീട് മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റും. ആർ.ഡി.ഒ ആയി കൊല്ലം എ.ഡി.എമ്മായിരുന്ന ബി. ശശികുമാറിനെ നിയമിച്ച് ഉത്തരവായിട്ടുണ്ട്. കൂടാതെ പുതിയ 28 തസ്തികകൾ കൂടി അനവദിച്ച് ഉത്തരവിറക്കിയിരുന്നു.
പുനലൂർ, പത്തനാപുരം, കൊട്ടാരക്കര താലൂക്കുകൾ പുനലൂർ ആർ.ഡി ഓഫീസിന്റെ പ്രവർത്തന പരിധിയിൽ വരും. നിലവിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ആർ.ഡി.ഓഫീസിലാണ് കിഴക്കൻ മലയോര മേഖലയിലെ ആദിവാസികൾ അടക്കമുളളവർ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസികൾ തിങ്ങിപ്പാർക്കുന്ന അച്ചൻകോവിൽ, ആര്യങ്കാവ്, ഉറുകുന്ന്, കുളത്തൂപ്പുഴ, ചോഴിയക്കോട്, കടമാൻകോട് തുടങ്ങിയ പ്രദേശങ്ങളിലെ ആളുകൾ കിലോമീറ്ററുകൾ സഞ്ചരിച്ചാണ് കൊല്ലത്തെ ആർ.ഡി ഒാഫീസിൽ എത്തുന്നത്. വനമദ്ധ്യത്തിലെ അച്ചൻകോവിലിൽ താമസിക്കുന്ന ആദിവാസികളും മറ്റും തമിഴ്നാട് ചുറ്റിയാണ് കൊല്ലത്തെ ആർ ഡി.ഓഫീസിൽ എത്തുന്നത്. പുനലൂരിൽ ആർ.ഡി ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നതോടെ ഇവരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകും.
ആർ.ഡി ഓഫീസ് കൂടി പ്രവർത്തനം ആരംഭിക്കുന്നതോടെ ജില്ലയിലെ പ്രധാന പട്ടണമായി പുനലൂർ മാറുകയും കൂടുതൽ വികസനം എത്തുകയും ചെയ്യുമെന്ന പ്രതിക്ഷയിലാണ് പ്രദേശവാസികൾ.