കൊല്ലം: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ സമർപ്പിച്ച ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കുമ്പോൾ അദ്ഭുതങ്ങൾ സംഭവിക്കാനുള്ള സാദ്ധ്യത കുറവാണെന്നും നിയമപരമായോ ഭരണഘടനാപരമായോ അതിന് സാദ്ധ്യതയില്ലെന്നും ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് കെമാൽപാഷ കേരളകൗമുദിയോട് പറഞ്ഞു. സ്ത്രീ പ്രവേശനം സംബന്ധിച്ച് മുൻ ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ തീരുമാനം മറികടക്കുക അസാദ്ധ്യമാണ്. ഹർജികൾ ഇന്നുതന്നെ പരിഗണിക്കുന്നുവെന്നതും അസാധാരണമായ കാര്യമല്ല. പുതിയ ബെഞ്ച് കേസ് വീണ്ടും പരിഗണിക്കുമ്പോൾ ആദ്യവിധിയിൽ പ്രഥമദൃഷ്ട്യാ എന്തെങ്കിലും അപാകത കാണണം. അല്ലെങ്കിൽ ഒരുകാര്യം പരിഗണിക്കാൻ മറന്നുപോയിരിക്കണം. അതുമല്ലെങ്കിൽ എന്തെങ്കിലും വീഴ്ചയുണ്ടാകണം. ശബരിമലയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരം, വിശ്വാസം, പൗരാവകാശം എന്നീ കാര്യങ്ങൾ ഭരണഘടനാ ബെഞ്ച് മുമ്പാകെ വരുമ്പോൾ പൗരാവകാശത്തിനാകും മുൻഗണന. ആചാരവും അവകാശവും രണ്ടാണ്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സംഘർഷ സ്ഥിതി ബോദ്ധ്യപ്പെടുത്തുമെന്ന ദേവസ്വം ബോർഡ് നിലപാടും കോടതി പരിഗണിക്കാൻ സാദ്ധ്യതയില്ല. ആർട്ടിക്കിൾ 141, 142 പ്രകാരം സുപ്രീംകോടതി പ്രഖ്യാപിക്കുന്ന നിയമം എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും അനുസരിക്കാൻ ബാദ്ധ്യസ്ഥമാണ്. കോടതി വിധിക്കെതിരെ തെരുവിലിറങ്ങുന്നതും ശരിയല്ല. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ പാലിക്കുമെന്ന് 10 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ തീരുമാനിച്ചാൽ തീരാവുന്ന പ്രശ്നമേ ഇക്കാര്യത്തിലുള്ളൂ. കോടതി വിധിയുടെ ഗുണഭോക്താക്കൾ സ്ത്രീകളാണ്. ഞങ്ങൾക്ക് ആചാരങ്ങൾ ലംഘിച്ച് ശബരിമലയിൽ പോകേണ്ടെന്ന് പറയേണ്ട ബാദ്ധ്യത സ്ത്രീകൾക്കാണ്.
തമാശയ്ക്ക് വരുന്നവർക്ക് സംരക്ഷണം നൽകേണ്ടതില്ല
ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും മലകയറാമെന്നാണ് കോടതി വിധി. അതിനാൽ വിശ്വാസികളായെത്തുന്ന സ്ത്രീകൾക്ക് സംരക്ഷണം നൽകേണ്ട ബാദ്ധ്യത സർക്കാരിനുണ്ട്. എന്നാൽ തമാശയ്ക്ക് വേണ്ടി എത്തുന്ന ആക്ടിവിസ്റ്റുകൾക്ക് പൊലീസ് സംരക്ഷണം ഒരുക്കേണ്ട ബാദ്ധ്യതയില്ല. അത്തരക്കാർക്ക് സർക്കാർ കൂട്ടുനിൽക്കേണ്ടതില്ലെന്നും ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു.