കൊല്ലം: തങ്കശ്ശേരിയിൽ ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ യുവാവിന് വെട്ടേറ്റു. തങ്കശ്ശേരി പുന്നത്തല പി.സി.എൻ.ആർ.എ 73 ൽ മുഹമ്മദ് അലിമിനാണ് വെട്ടേറ്രത്. തലയ്ക്ക് സാരമായി പരിക്കേറ്ര ഇയാൾ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് വാടി സ്വദേശി സാബുവിനെ പള്ളിത്തോട്ടം പൊലീസ് പിടികൂടി.
ഇന്നലെ രാത്രി ഏഴേ മുക്കാലോടെ കൊല്ലം പോർട്ട് ലേലഹാളിലായിരുന്നു സംഭവങ്ങളുടെ തുടക്കം.
പത്ത് പേരടങ്ങുന്ന സംഘം ലേലഹാളിൽ പൊടുന്നനെയെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടർന്നായിരുന്നു തങ്കശേരിയിലെ ആക്രമണം. ബൈക്കുകൾ അടിച്ചു തകർത്ത ശേഷം നിരവധി പേർക്ക് നേരെ വാൾ വീശി. ഇതിനിടയിലാണ് മുഹമ്മദ് അലിമിന് വെട്ടേറ്രത്. വാടി കേന്ദ്രീകരിച്ചുള്ള ടൊർണാഡോ എന്ന ഗുണ്ടാസംഘമായിരുന്നു ആക്രമണത്തിന് പിന്നിൽ. ടോർണാഡോ ജൂനിയർ ടീമാണ് ലേലഹാളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സീനിയർ ടീമാണ് തങ്കശ്ശേരിയിലെത്തിയത്. സംഭവത്തിന്റെ ആസൂത്രകനാണ് സാബു. ലേലഹാളിൽ ആക്രമണം നടത്തിയ ശേഷം കടക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടിയിലായതിനാൽ സാബുവിന് തങ്കശ്ശേരിയിൽ എത്താനായില്ല. ഇതിനിടെ ജില്ലാ ജയിലിന് മുന്നിൽ നിന്ന് ആയുധങ്ങളുമായി രണ്ട് പേരെ വെസ്റ്റ് പൊലീസ് പിടികൂടി. അഞ്ചാലുംമൂട് മതിലിൽ സ്വദേശികളായ ഇമ്മാനുവൽ, ശ്യാം എന്നിവരാണ് പിടിയിലായത്. സാബുവിന്റെ അടുത്ത സുഹൃത്തുക്കളാണ് ഇരുവരും.
തങ്കശ്ശേരിയിൽ അക്രമം നടത്തിയവർക്കൊപ്പം ചേരാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ കുടുങ്ങിയത്. വാടിയിലെയും തങ്കശ്ശരിയിലെയും ഇരുവിഭാഗം യുവാക്കൾ തമ്മിൽ നിലനിന്ന തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സംഘർഷം വ്യാപിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് തീരദേശത്ത് പൊലീസ് കാവൽ ശക്തമാക്കി. അക്രമത്തിൽ പങ്കെടുത്തവരെ തിരിച്ചറിഞ്ഞെന്നും ഇവർക്കായി തിരച്ചിൽ ശക്തമാക്കിയെന്നും വെസ്റ്റ് പൊലീസ് പറഞ്ഞു.