പുനലൂർ: യുവതികൾക്ക് 41 ദിവസത്തെ വ്രതാനുഷ്ഠാനത്തോടെ ശബരിമലയിൽ പോകാൻ കഴിയില്ലെന്ന് എസ്.എൻ.ഡി.പി യോഗം കൗൺസിലർ വനജ വിദ്യാധരൻ പറഞ്ഞു. ശബരിമല സംരക്ഷണ സമിതി തെന്മല പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടമണിൽ സംഘടിപ്പിച്ച നാമജപ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് ഇടമൺ-34ൽ ആത്മീയ പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ശബരിമലയിൽ സുപ്രീം കോടി വിധി നടപ്പാക്കാൻ വ്യഗ്രത കാട്ടുന്ന സർക്കാൻ സ്വാശ്രയ കോളേജ്, ബാർ കേസ് തുടങ്ങിയ ഒട്ടേറെ കോടതി വിധികൾ ഇനിയും നടപ്പാക്കിയിട്ടില്ല. ശബരിമലയിൽ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിധി ദിവസങ്ങൾക്കകം നടപ്പിലാക്കാൻ സർക്കാർ ശ്രമിച്ചതോടെ വീട്ടമ്മമാർ അടക്കമുളള ലക്ഷക്കണക്കിന് ഭക്തജനങ്ങൾ അയ്യപ്പ ചിത്രവുമേന്തി തെരുവിലിറങ്ങേണ്ടി വന്നിരിക്കുകയാണ്. ഭക്തരായ യുവതികളാരും ആചാരം ലംഘിച്ച് ശബരമലയിൽ പോകാൻ തയ്യാറാകില്ല. രാജ്യത്തെ 99 ശതമാനം ഭക്തജനങ്ങളുടെയും വികാരം മനസിലാക്കി വൃശ്ചിക മാസത്തിൽ നട തുറക്കുമ്പോൾ ഭക്തർക്ക് അനുകൂലമായ കോടതി വിധിയുണ്ടാകാൻ സർക്കാർ ശ്രമിക്കണമെന്നും അവർ പറഞ്ഞു.
എൻ.എസ്.എസ് ഇടമൺ കരയോഗം സെക്രട്ടറി ഗോപിനാഥൻനായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. കമുകുംചേരി രഘുനാഥ് മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗം ഇടമൺ കിഴക്ക് ശാഖാ യൂണിയൻ പ്രതിനിധി സ്റ്റാർസി രത്നാകരൻ, ഇടമൺ പടിഞ്ഞാറ് ശാഖാ പ്രസിഡന്റ് വി. ദിലീപ്, ഇടമൺ-34 ശാഖാ സെക്രട്ടറി എം.എസ്. മോഹനൻ, ഉറുകുന്ന് ശാഖയിലെ യൂണിയൻ പ്രതിനിധി ലാലു മാങ്കോവലയ്ക്കൽ, ഇടമൺ-34 ശാഖാ കമ്മിറ്റി അംഗം ആർ. സുമേഷ്, വനിതാസംഘം പുനലൂർ യൂണിയൻ എക്സിക്യൂട്ടീവ് അംഗം വിജയമ്മ രവീന്ദ്രൻ, സുധീർബാബു, ഇടമൺ റെജി തുടങ്ങിയവർ സംസാരിച്ചു.
ഇടമൺ കിഴക്ക് ശാഖാ സെക്രട്ടറി എസ്. അജീഷ്, പടിഞ്ഞാറ് ശാഖാ സെക്രട്ടറി എസ്. ഉദയകുമാർ, അനു വലിയവിള, ഒറ്റക്കൽ ബാഹുലേയൻ, സുര, വത്സല സോമരാജൻ, അനിഷ്, ഓമന പുഷ്പാഗദൻ, വത്സല ഗോപാലകൃഷ്ണൻ, ശ്യാമള തുളസീധരൻ, ബീന മോഹനൻ തുടങ്ങിയവർ നാമജപയാത്രയ്ക്ക് നേതൃത്വം നൽകി.