കൊല്ലം: തന്റെ ഫേസ്ബുക്ക് പേജിലൂടെ നിരന്തരം ശബരിമല വിഷയത്തിൽ വിദ്വേഷം പരത്തുന്ന തരത്തിലുള്ള പോസ്​റ്റുകൾ പ്രസിദ്ധീകരിക്കുന്ന സബ് ജഡ്ജി സുദീപിനെതിരെ നടപടി ആവശ്യപ്പെട്ട് ഭാരതീയ അഭിഭാഷക പരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ. ആർ. രാജേന്ദ്രൻ ഹൈക്കോടതി ചീഫ് ജസ്​റ്റിസിന് പരാതി നൽകി.

അയ്യപ്പന്റെ വിശ്വാസികളെയും പ്രധാനമന്ത്റിയെയും അപമാനിക്കുന്ന തരത്തിലുള്ള പോസ്​റ്റുകളാണ് സബ് ജഡ്ജി സുദീപ് ഫേസ്ബുക്കിൽ ഇട്ടത്. ഗാന്ധിജി വധം, ഗുജറാത്ത് കലാപം, ബാബ്‌റി മസ്ജിദ് തകർക്കൽ എന്നിവയൊക്കെ സബ് ജഡ്ജിയുടെ പോസ്​റ്റുകളിലെ പരാമർശ വിഷയങ്ങളായിരുന്നു. പോസ്​റ്റുകൾ ദുരുദ്ദേശ്യത്തോടെയുള്ളവ ആണെന്ന് പരാതിയിൽ പറയുന്നു. സ്വാമി വിവേകാനന്ദന്റെ ചിത്രത്തിൽ നടൻ വിവേകാനന്ദന്റെ മുഖം മോർഫ് ചെയ്ത് അപഹസിക്കുന്ന പോസ്​റ്റും ഇട്ടിരുന്നു. തികച്ചും നിഷ്പക്ഷത പാലിക്കേണ്ട ജുഡിഷ്യൽ ഓഫീസർ ഇത്തരം വ്യക്തി താത്പര്യങ്ങൾക്ക് അടിപ്പെടുന്നത് ജുഡിഷ്യറിക്ക് കളങ്കമാണ്. ഇത്തരം പോസ്​റ്റുകൾ പരസ്യമായി പ്രസിദ്ധീകരിക്കുന്നതിനാൽ ഇദ്ദേഹത്തിൽ നിന്ന് നീതി പ്രതീക്ഷിക്കാനാവില്ലെന്നും പരാതിയിൽ പറയുന്നു. ഇതുസംബന്ധിച്ച് ശക്തികുളങ്ങര പൊലീസിൽ അഡ്വ. രാജേന്ദ്രൻ നൽകിയ പരാതി തുടർ നടപടികൾക്കായി പൊലീസ് ഹൈക്കോടതി രജിസ്ട്രാർക്ക് അയച്ചിരിക്കുകയാണ്.