ഓയൂർ: മരുതമൺപള്ളി മാവിളവീട്ടിൽ ഉമേഷിന്റെ ഭാര്യ ആലപ്പുഴ എഴുപുന്ന വടക്ക് ശിവദാസൻ - വത്സല ദമ്പതികളുടെ മകൾ അഞ്ജലിയെ ( 23) ഭർത്തൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. ഇക്കഴിഞ്ഞ സെപ്തംബർ 10 നായിരുന്നു ഇവരുടെ വിവാഹം. ഉമേഷ് പരവൂരിലെ ബീച്ച് റിസോർട്ടിലും അഞ്ജലി എറണാകുളത്തെ കൺസ്ട്രക്‌ഷൻ കമ്പനിയിലും ജീവനക്കാരായിരുന്നു. ഉമേഷും അഞ്ജലിയും വീട്ടിൽ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ ഫോൺ വന്ന് ഉമേഷ് പുറത്തേയ്ക്ക് പോയപ്പോൾ അഞ്ജലി മുറിയിൽ കയറി തൂങ്ങിമരിക്കുകയായിരുന്നെന്നും കുടുംബവഴക്കാണ് സംഭവത്തിന് കാരണമെന്നും ഉമേഷിന്റെ ബന്ധുക്കൾ പറഞ്ഞു. എന്നാൽ വിവാഹം കഴിഞ്ഞ് ഒരുമാസം തികയും മുമ്പുണ്ടായ മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. മീയണ്ണൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ മേൽനടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തന് അയയ്ക്കും. സംഭവവുമായി ബന്ധപ്പെട്ട് പൂയപ്പള്ളി പൊലീസ് കേസെടുത്തു.