പുനലൂർ:ശബരിമല തീർത്ഥാടന കാലം ആരംഭിക്കാൻ ആഴ്ചകൾ മാത്രം അവശേഷിക്കുമ്പോഴും കൊല്ലം-തിരുമംഗലം ദേശീയ പാതയുടെ സ്ഥിതി ശോചനീയം. കുണ്ടും കുഴിയും നിറഞ്ഞ് താറുമാറായി കിടക്കുകയാണ് റോഡ്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് ശബരിമല തീർത്ഥാടകർ കടന്നുവരുന്ന ദേശീയ പാതയിലെ കോട്ടവാസൽ മുതൽ പുനലൂർ വരെയുളള ഭാഗങ്ങളാണ് തകർന്നുകിടക്കുന്നത്. ആറ് മാസം മുമ്പാണ് റോഡ് തകർന്നത്. , ഇരു ചക്രവാഹനങ്ങൾ അടക്കമുളളവ അപകടത്തിൽപ്പെടുന്നത് പതിവാണ്. റോഡ് പൂർണമായും മുറിഞ്ഞു മാറിയ ഭാഗങ്ങളിൽ പോലും പുനരുദ്ധാരണ ജോലികൾ നടത്താൻ അധികൃതർ തയ്യാറായിട്ടില്ല. റോഡിന്റെ തകർച്ച പരിഹരിക്കണണെന്നാവശ്യപ്പെട്ട് നാട്ടുകാരും ,വിവിധ സംഘടനകളും നടത്തിയ സമരത്തെ തുടർന്ന് മൂന്ന് മാസം മുമ്പ് ക്വാറി വേസ്റ്റ് ഇട്ട് കുഴികൾ താൽക്കാലികമായി അടച്ചിരുന്നു. എന്നാൽ ആഗസ്റ്റിലുണ്ടായ കനത്ത മഴയിൽ ഇത് പൂർണമായും ഇളകിമാറി പാതയിൽ വൻ കുഴികൾ രൂപപ്പെടുകയായിരുന്നു. ------ ശബരിമല നട തുറന്നാൽ തിരക്കേറും ദേശിയ പാതയിലെ കോട്ടവാസൽ, ആര്യങ്കാവ്, ഇടപ്പാളയം, കഴുതുരുട്ടി, പതിമൂന്ന് കണ്ണറ, തെന്മല എം.എസ്.എൽ, തെന്മല, ഒറ്റക്കൽ, ഉറുകുന്ന്,വെളളിമല, കലയനാട്, വാളക്കോട് തുടങ്ങിയ നിരവധി ഭാഗങ്ങളാണ് തകർന്നു കിടക്കുന്നത്. . ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന അന്തർ സംസ്ഥാന പാതയാണിത്. ശബരിമല സീസൺ ആരംഭിക്കുന്നതോടെ തമിഴ്നാട്, കർണ്ണാടക, ആന്ധ്രാ, പോണ്ടിച്ചേരി, മഹാരാഷ്ട്രാ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് ദിവസവും ആയിരക്കണക്കിന് തീർത്ഥാടകരുടെ വാഹനങ്ങളാണ് ഇതുവഴി കടന്നുവരുന്നത്. റോഡിന്റെ പാർശ്വഭിത്തികൾ പോലും തകർന്നുകിടക്കുന്ന നിരവധി സ്ഥലങ്ങൾ ഉണ്ട്. ഇത് കടുത്ത അപകട ഭീക്ഷണിയായി മാറിയിരിക്കുകയാണ്. ------- കുഴി അടയ്ക്കുമെന്ന് അധികൃതർ പുനലൂർ മുതൽ കോട്ടവാസൽ വരെയുളള പാതയിൽ രൂപപ്പെട്ട കുഴികൾ അടച്ചുളള പാച്ച് വർക്ക് ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് ദേശീയ പാത വിഭാഗം അസി.എക്സിക്യൂട്ടീവ് എൻജിനിയർ നിഷ അറിയിച്ചു. നവീകരണ ജോലികൾക്ക് രണ്ട് തവണ ടെൻഡർ ക്ഷണിച്ചെങ്കിലും നിർമ്മാണ ജോലികൾ ഏറ്റെടുക്കാൻ കരാറുകാർ തയ്യാറായില്ല. മൂന്നാമത് നടത്തിയ റീ ടെൻഡറിലാണ് തമിഴ്നാട് സ്വദേശിയായ കരാറകാരന് കരാർ ഉറപ്പിക്കാൻ കഴിഞ്ഞത്. ശബരിമല സീസൺ കഴിയുന്ന മുറയ്ക്ക് പുനലൂർ-കോട്ടവാസൽ പാത 55കോടി രൂപ ചെലവഴിച്ച് നവീകരിക്കും. ഇതിൻെറ എസ്റ്റിമേറ്റ് തയാറാക്കി അധികൃതർക്ക് സമർപ്പിച്ചിട്ടുണ്ട്.