എഴുകോൺ: രാത്രിയിൽ ഓട്ടം വിളിച്ചു കൊണ്ടുപോയി ഓട്ടോറിക്ഷാ ഡ്രൈവറെ സാമൂഹിക വിരുദ്ധസംഘം മർദ്ദിച്ചതായി പരാതി. കൊല്ലം പുള്ളിക്കട കോളനി വടക്കുംഭാഗം പുതുവൽ പുരയിടം വീട്ടിൽ മണികണ്ഠനെ (24) യാണ് അജ്ഞാതസംഘം മർദ്ദിച്ചത്. ചിന്നക്കട സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറായ മണികണ്ഠനെ തിങ്കളാഴ്ച രാത്രി 10.30ന് നല്ലിലയിലേക്ക്‌ എന്ന് പറഞ്ഞാണ് ഓട്ടം വിളിച്ചത്. നല്ലിലയിൽ എത്തിയപ്പോൾ അല്പദൂരം കൂടി പോകണമെന്ന് ആവശ്യപ്പെടുകയും തുടർന്ന് മടന്തകോട് ചോതി ജംഗ്ഷനിൽ എത്തിച്ചു. അവിടെ കാത്തു നിന്ന എട്ടു പേരും ഓട്ടോയിലുണ്ടായിരുന്ന രണ്ടു പേരും ചേർന്ന് യാതൊരു പ്രകോപനവുമില്ലാതെ മണികണ്ഠനെ ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. മണികണ്ഠന്റെ പോക്കറ്റിലുണ്ടായിരുന്ന 1500 രൂപയും മൊബൈൽ ഫോണും അക്രമി സംഘം തട്ടിയെടുക്കുകയും ഓട്ടോറിക്ഷ അടിച്ചു തകർക്കുകയും ചെയ്തു.ഇരുമ്പ് വടികൊണ്ടുള്ള ആക്രമണത്തിൽ സാരമായി പരിക്കേറ്റ മണികണ്ഠനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എഴുകോൺ പൊലീസ് കേസെടുത്തു.