photo

കൊല്ലം: റബർ ഫാക്ടറി തൊഴിലാളികളായിരുന്ന രണ്ട് മലയാളി യുവാക്കളെ കംബോഡിയയിൽ വീട്ടുതടങ്കലിലാക്കിയതായി ബന്ധുക്കളുടെ പരാതി. കൊട്ടാരക്കര പുത്തൂർ മൈലംകുളം പ്ലാവിളവീട്ടിൽ വിൽസൺരാജ് (26), കണ്ണനല്ലൂർ സനിൽഭവനിൽ സജീവ് (36) എന്നിവരാണ് ഒരു മാസമായി വീട്ടുതടങ്കലിൽ ഭക്ഷണം പോലും ലഭിക്കാതെ നരകയാതന അനുഭവിക്കുന്നത്.പുത്തൂർ മൈലംകുളം സ്വദേശി ബേബിക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള റബർ ഫാക്ടറിയിലെ ജോലിക്കാരായിരുന്നു ഇവർ. സെപ്തംബർ 18ന് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ വലിയ നാശനഷ്ടമുണ്ടായി. മെഷീനുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങളും ഫാക്ടറി പ്രവർത്തിച്ചിരുന്ന വാടക കെട്ടിടവും കത്തിനശിച്ചു. കംബോഡിയ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു കെട്ടിടം. കെട്ടിടം ഉടമ അറിയാതെ ഉടമ ബേബിക്കുട്ടിയും മാനേജരും നാട്ടിലേക്ക് കടന്നു. തുടർന്ന് ജീവനക്കാരായ വിൽസൺരാജിനെയും സജീവിനെയും കെട്ടിടം ഉടമ വീട്ടുതടങ്കലിലാക്കുകയായിരുന്നു.


55,000 ഡോളർ കെട്ടിടം ഉടമ നഷ്ടപരിഹാരം ആവശ്യപ്പെടുകയാണ്. വിത്സന്റെയും സജീവിന്റെയും മോചനത്തിനായി നാട്ടിലുള്ള ബേബിക്കുട്ടിയെ സമീപിച്ചെങ്കിലും തങ്ങളെ ഭീഷണിപ്പെടുത്തി തിരിച്ചയയ്ക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. തുടർന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, പ്രധാനമന്ത്രി, മുഖ്യമന്ത്രി, കൊടിക്കുന്നിൽ സുരേഷ് എം.പി എന്നിവർക്ക് പരാതി നൽകി. വീട്ടുതടങ്കലിൽ കഴിയുന്ന യുവാക്കൾക്ക് ഭക്ഷണം പോലും നൽകുന്നില്ലെന്നും ഇവർക്ക് വധഭീഷണിയുണ്ടെന്നും ബന്ധുക്കളായ എം.പി. രാജപ്പൻ, മുരുകൻ ആചാരി, സജിത്ത് എന്നിവർ പറഞ്ഞു.