പുനലൂർ: കരവാളൂർ പഞ്ചായത്തിലെ അടുക്കളമൂലയിൽ വീട് കുത്തിത്തുറന്ന് 2.9ലക്ഷം രൂപയും 5.5 പവൻ സ്വർണവും മോഷ്ടാക്കൾ കവർന്നു. അടുക്കളമൂല പ്രശാന്ത്ഭവനിൽ പ്രശാന്തിൻെറ വിട്ടിനുളളിലെ അലമാരയും, മേശയും കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം . വീട്ടിൽ ആരും ഇല്ലായിരുന്നു. പ്രശാന്തിൻെറ സഹോദരിയുടെ അഷ്ടമംഗലത്തെ വീടിന്റെ പാലുകാച്ചിന് പോയ ദിവസമായിരുന്നു മോഷണം നടന്നത്. മാതാവ് ശോഭയും, ഭാര്യയുമൊത്ത് തിങ്കളാഴ്ച രാവിലെ അഷ്ടമംഗലത്ത് പോയ പ്രശാന്ത് ഇന്നലെ രാവിലെയാണ് വീട്ടിൽ മടങ്ങിയെത്തിയത്. തുടർന്നാണ് മോഷണ വിവരം അറിയുന്നത്. വിടിന് പുറകിലത്തെ അടുക്കളയുടെ വാതിൽ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന 2.9ലക്ഷം രൂപയും, രണ്ട് മാല, രണ്ട് ജോടി കമ്മൽ, ഒരു ചെയിൻ അടക്കമുളള അഞ്ചര പവൻ സ്വർണാഭരണങ്ങളും കവരുകയായിരുന്നു. ഇത് കൂടാതെ മാസങ്ങളായി തുറക്കാതിരുന്ന മൂന്ന് വഞ്ചിപ്പെട്ടികളിലെയും പണം മോഷ്ടാക്കൾ കവർന്നതായി ബന്ധുക്കൾ പറഞ്ഞു. . ചിട്ടി പിടിച്ച പണമായിരുന്നു വീട്ടിൽ സൂക്ഷിച്ചിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. പുനലൂർ പൊലിസിൽ പരാതി നൽകി. സി.ഐ.ബിനുവർഗീസ്, എസ്.ഐ.ജെ.രാജീവ് എന്നിവരുടെ നേതൃത്വത്തിലുളള പൊലിസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. തുടർന്ന് ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. സംഭവത്തിൽ കേസെടുത്ത പൊലിസ് അന്വേഷണം ഊർജ്ജിതപ്പെടുത്തി. പരിശോധന ഫലം ലഭിച്ചാലെ കൂടുതൽ വിവരം ലഭിക്കുകയുളളു എന്ന് എസ്.ഐ. ജെ.രാജീവ് അറിയിച്ചു.