കൊല്ലം: ജില്ലയിലെ ആദ്യ ഭൗമ വിവര (ജിയോ ഇൻഫോമാറ്റിക്) പഞ്ചായത്താകാൻ ഒരുങ്ങുകയാണ് കടയ്ക്കൽ. പദ്ധതിയുടെ ഫീൽഡ്തല പ്രവർത്തനങ്ങൾ പൂർത്തിയായി. 12 ലക്ഷത്തോളം രൂപയാണ് പഞ്ചായത്ത് ഇതിനായി ചെലവഴിച്ചത്. സോഫ്റ്റ്‌വെയറിന്റെ പ്രാഥമിക രൂപരേഖയുടെ അവതരണം കഴിഞ്ഞദിവസം നടന്നു.
പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന വീടുകൾ, കെട്ടിടങ്ങൾ, റോഡുകൾ, അംഗൻവാടികൾ, സ്‌കൂളുകൾ, മറ്റു പൊതു ഇടങ്ങൾ, ജലസ്രോതസുകൾ, കൃഷിയിടങ്ങൾ, പഞ്ചായത്ത് ആസ്തികൾ തുടങ്ങിയവയുടെ സ്ഥാനങ്ങളും അവിടേക്ക് എത്തിച്ചേരാനുള്ള റോഡുകളും വ്യക്തമാക്കുന്ന ഡിജിറ്റൽ മാപ്പിംഗാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.
ഓരോ വീടിന്റെയും സാമൂഹിക-സാമ്പത്തിക സ്ഥിതി, അംഗങ്ങളുടെ അടിസ്ഥാന വിവരങ്ങൾ, വളർത്തുമൃഗങ്ങൾ, പൊതുടാപ്പുകൾ, വഴിവിളക്കുകൾ തുടങ്ങിയവയെല്ലാം ഇതിന്റെ പരിധിയിൽ വരും. സോഫ്റ്റ്‌വെയർ പൂർണമായും പ്രവർത്തനക്ഷമമാകുന്നതോടെ പഞ്ചായത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളും പദ്ധതി ആസൂത്രണവും നടത്തിപ്പും കൂടുതൽ സുഗമമാകും.
പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സർക്കാർ വകുപ്പുകൾക്കും ഭൗമവിവര ശേഖരം പ്രയോജനപ്രദമാകും. ഗ്രാമപഞ്ചായത്തിനും പഞ്ചായത്തിന്റെ അനുവാദത്തോടെ സർക്കാർ വകുപ്പുകൾക്കും മാത്രമാകും ഇതിലെ വിശദാംശങ്ങൾ ലഭ്യമാകുക.
തിരുവന്തപുരം ജില്ലയിലെ കരകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രാമീണ പഠനകേന്ദ്രമാണ് പദ്ധതി നടപ്പാക്കുന്നത്. ജനകീയാസൂത്രണ പരിപാടിയുടെ ആദ്യ ഘട്ടത്തിൽ പ്രവർത്തനമാരംഭിച്ച ഗ്രാമീണ പഠനകേന്ദ്രം സംസ്ഥാനത്തെ പല കേന്ദ്രങ്ങളിലും നദി, ഭൂമി, മണ്ണ് തുടങ്ങിയവയുടെ മാപ്പിംഗ് ഏറ്റെടുത്തു നടത്തുന്നുണ്ട്.
പതിനൊന്നായിരത്തിലധികം കെട്ടിടങ്ങളുടെ വിശദാംശങ്ങൾ ഉൾപ്പെടെ ജിയോ ഇൻഫമാറ്റിക്ക് സോഫ്റ്റ്‌വെയറിന് ആവശ്യമായ വിവരങ്ങൾ അഞ്ചുമാസംകൊണ്ടാണ് സമഹാരിച്ചത്. ഇതിനായി ഗ്രാമീണ പഠനകേന്ദ്രം പ്രത്യേക വാളന്റിയർമാരെ നിയോഗിച്ചിരുന്നു.
ഭൗമ വിവര സോഫ്റ്റ്‌വെയർ ഉടൻ തന്നെ പ്രവർത്തനക്ഷമമാകുമെന്ന് കടയ്ക്കൽ ഗ്രമാപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ബിജു പറഞ്ഞു.