aadugramam
ജില്ലാ കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ ചിറക്കര ഗ്രാമ പഞ്ചായത്തിൽ നടന്ന ആടുഗ്രാമം,ക്ഷീര സാഗരം പദ്ധതിയുടെ ത്രിദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.പ്രേമചന്ദ്രനാശാൻ ഉദ്ഘാടം ചെയ്യുന്നു

കൊല്ലം: കുടുംബശ്രീ ജില്ലാ മിഷന്റെ സുരക്ഷിത ഭക്ഷണവും മികച്ച വരുമാനവും ലക്ഷ്യമിടുന്ന ആടുഗ്രാമം, ക്ഷീരസാഗരം പദ്ധതികൾ വിപുലമായി നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ചിറക്കര സി.ഡി.എസ് തുടക്കം കുറിച്ചു.
ആടുഗ്രാമത്തിന്റെ എട്ട് യൂണിറ്റുകളും ക്ഷീരസാഗരത്തിന്റെ അഞ്ചു യൂണിറ്റുകളുമാണ് ആരംഭിക്കുന്നത്. അഞ്ച് അംഗങ്ങൾ അടങ്ങിയ ഒരു ആടു ഗ്രാമം യൂണിറ്റിന് 20 ആട്ടിൻ കുട്ടികളെയും ക്ഷീരസാഗരം യൂണിറ്റിന് 10 പശു കിടാങ്ങളെയുമാണ് നൽകുക. സർക്കാർ അംഗീകൃത ഏജൻസികളിൽനിന്നോ, കുടുംബശ്രീ ആടു ചന്തകളിൽ നിന്നോ കിടാങ്ങളെ വാങ്ങാം.
ആടുഗ്രാമം പദ്ധതിയിൽ 30000 രൂപയാണ് ഒരു അംഗത്തിന്റെ വിഹിതം. ഇതിൽ 28,500 രൂപ ബാങ്ക് വായ്പയായി ലഭിക്കും. ഈ തുകയിൽ കുടുംബശ്രീ സബ്‌സിഡിയായ 15000 രൂപ കഴിഞ്ഞുള്ള തുക അംഗങ്ങൾ തിരിച്ചടച്ചാൽ മതിയാകും. ക്ഷീരസാഗരം പദ്ധതിക്ക് 125000 രൂപയാണ് ഒരു അംഗത്തിന്റെ വിഹിതം. ബാങ്ക് വായ്പ 118750രൂപയും കുടുംബശ്രീ സബ്‌സിഡി 43,750 രൂപയുമാണ്.
പദ്ധതികൾ നടപ്പിലാക്കുന്നതിന് മുന്നോടിയായി സംഘടിപ്പിച്ച മൂന്ന് ദിവസത്തെ പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ജി. പ്രേമേന്ദ്രനാശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുശീലദേവി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ മധുസൂദനൻപിള്ള, ഉല്ലാസ് കൃഷ്ണൻ, ശകുന്തള, ബ്ലോക്ക് കോ ഓർഡിനേറ്റർ രാഹുൽ രാജ്, പഞ്ചായത്ത് അംഗങ്ങളായ സിന്ധുമോൾ, റീജ തുടങ്ങിയവർ പങ്കെടുത്തു.