കൊല്ലം: മൺപാത്രങ്ങളുടെ ഉപയോഗം വ്യാപകമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പന്മന ഗ്രാമപഞ്ചായത്ത് തുടക്കം കുറിക്കുന്നു. ലോഹ പാത്രങ്ങളുടെ തുടർച്ചയായ ഉപയോഗം മാരക രോഗങ്ങൾക്ക് കാരണമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രകൃതി സൗഹൃദ പാത്രങ്ങളുടെ ഉപയോഗം പ്രചരിപ്പിക്കുന്നതിന് പഞ്ചായത്ത് മൺപെരുമ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.
സ്റ്റീൽ, അലൂമിനിയം പാത്രങ്ങൾ കഴിവതും ഒഴിവാക്കി മൺപാത്രങ്ങൾ ഉപയോഗിക്കുന്നതിന് ജനങ്ങളെ ബോധവത്കരിക്കും. മൺപാത്രങ്ങൾ ലഭ്യമാക്കുന്നതിന് പഞ്ചായത്ത് മുൻകൈ എടുക്കും. പ്രാരംഭ ഘട്ടമായി മൺകൂജകളും മുച്ചട്ടി അരിപ്പകളും വിതരണം ചെയ്യും. ജനങ്ങളുടെ പിന്തുണയോടെ വരും വർഷങ്ങളിൽ പദ്ധതി വിപുലീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശാലിനി പറഞ്ഞു. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.