pinarayi

കൊല്ലം:ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുമെന്നും ഓരോ ദിവസവും സന്നിധാനത്ത് ഉൾക്കൊള്ളാവുന്ന ആളുകളെ മാത്രമേ കടത്തിവിടൂ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രത്യേക അവകാശമുണ്ടെന്ന ധാരണയോടെ ക്രിമിനലുകൾ സന്നിധാനത്ത് ക്യാമ്പ് ചെയ്യാമെന്ന് കരുതിയാൽ അനുവദിക്കില്ല. സന്നിധാനത്ത് തമ്പടിച്ച് സംഘർഷം ഉണ്ടാക്കാനും അവിടം കലാപഭൂമിയാക്കാനും ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയെ കലാപഭൂമിയാക്കാൻ ബി.ജെ.പി - യു.ഡി.എഫ് ശ്രമങ്ങൾ നടക്കുന്നുവെന്ന് ആരോപിച്ച് എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി കന്റോൺമെന്റ് മൈതാനിയിൽ സംഘടിപ്പിച്ച മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


രാജ്യത്തെ പ്രശസ്‌തമായ എല്ലാ ആരാധനാലയങ്ങളിലും തിരക്കിന് നിയന്ത്രണമുണ്ട്. അത് ശബരിമലയിലും വേണ്ടി വരും. ആരെയും നിഷേധിക്കില്ല. ആധുനിക കാലത്ത് ശബരിമലയിൽ പോകുന്നവർക്ക് ഓൺലൈനിൽ ബുക്ക് ചെയ്യാം. ഒരുദിവസം സന്നിധാനത്തിന് താങ്ങാൻ കഴിയുന്നത്ര ആളുകളെ മാത്രമേ വിടൂ. മറ്റുള്ളവർ ബേസ് ക്യാമ്പിൽ കഴിയണം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ഈ വിവരം അറിയിച്ചിട്ടുണ്ട്. അവരുടെ യോഗം വിളിച്ച് കാര്യങ്ങൾ ആസൂത്രണം ചെയ്യും. സംസ്ഥാനങ്ങളിൽ ഭക്തരെ വിവരമറിയിക്കാൻ സംവിധാനമുണ്ടാക്കും. ദേവസ്വം ബോർഡും ഇതിന് ക്രമീകരണങ്ങൾ നടത്തും.

റിവ്യൂ ഹർജി അപഹാസ്യമാകും.

സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹർജിയുമായി പോയാൽ സർക്കാർ അപഹാസ്യമാകും. പറഞ്ഞ വാക്കിന് വിലയില്ലാത്ത സർക്കാരാകും. റിവ്യൂഹർജി നൽകിയാൽ ഇപ്പോഴത്തെ വിധി ശരിയായില്ല എന്ന് പറയലാവും. സർക്കാരിന് ആ നിലപാടില്ല.യുവതി പ്രവേശനം ഹൈക്കോടതി നിരോധിച്ച ശേഷം മൂന്ന് എൽ.ഡി.എഫ് സർക്കാരുകൾ വന്നെങ്കിലും കോടതി വിധിയെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തില്ല. വിധി നടപ്പാക്കുകയാണ് ചെയ്തത്. ചില സ്ത്രീകൾ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ പോയപ്പോൾ 2007ൽ കോടതി ആവശ്യപ്രകാരമാണ് സർക്കാർ സത്യവാങ്മൂലം നൽകിയത്. വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണെങ്കിലും സ്ത്രീകളുടെ അവകാശം ഉയർത്തിപ്പിടിക്കണമെന്നും സുപ്രീംകോടതി വിധി എന്തായാലും അംഗീകരിക്കുമെന്നുമാണ് സത്യവാങ്മൂലത്തിൽ പറഞ്ഞത്.


കഴിഞ്ഞ യു.ഡി.എഫ് സർക്കാർ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപാണ് സ്ത്രീപ്രവേശനത്തെ എതിർത്ത് പുതിയ സത്യവാങ്മൂലം നൽകിയത്. എൽ.ഡി.എഫ് സർക്കാർ ഇത് അംഗീകരിക്കാതെ 2007ലെ പഴയ സത്യവാങ്മൂലം വീണ്ടും സമർപ്പിച്ചു. സുപ്രീംകോടതി വിധിക്കെതിരായ നീക്കം സർക്കാരിനെതിരാക്കി കലാപത്തിനാണ് ആർ.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നത്. അതിന്റെ കൂടെ ചേരാൻ പാടില്ലാത്ത പലരും കൂടുന്നു. മതനിരപേക്ഷതയുടെ മഹാശക്തിക്ക് മുന്നിൽ ഇവരെല്ലാം നിസാരരാണ്. ബി.ജെ.പി സമരത്തിന് ആളെ കൂട്ടാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.