കുന്നത്തൂർ: ബാലസാഹിത്യകാരൻ ശൂരനാട് രവി (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ശൂരനാട് തെക്ക് കക്കാകുന്ന് ഇഞ്ചക്കാട്ടെ വീട്ടുവളപ്പിൽ.
ഇഞ്ചക്കാട് ഇടയിലവീട്ടിൽ പരമുപിള്ളയുടെയും അദ്ധ്യാപിക ഭവാനിഅമ്മയുടെയും മകനാണ്. ചെറുപ്പത്തിൽ തന്നെ സാഹിത്യ മേഖലയിൽ ശ്രദ്ധേയനായ ശൂരനാട് രവി ബാലസാഹിത്യ മേഖലയിലാണ് കൂടുതൽ ശോഭിച്ചത്. കുട്ടികൾക്കായി അഞ്ഞൂറിൽപ്പരം കഥകളും ആറായിരത്തിലധികം കവിതകളും എഴുതി പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾക്ക് അർഹനായിട്ടുണ്ട്. 1989 ൽ 'അരിയുണ്ട'എന്ന കൃതിക്ക് കേന്ദ്ര സർക്കാരിന്റെ എൻ.സി.ഇ.ആർ.ടി അവാർഡ്, മിഷിഗൺ മലയാളി ലിറ്റററി അസോസിയേഷന്റെ മിലൻ അവാർഡ് എന്നിവയും ലഭിച്ചു.
ഇഞ്ചക്കാട് 'ഗുരുപാദം" വാദ്യകലാക്ഷേത്രത്തിന്റെ ചെയർമാനായി പ്രവർത്തിച്ച് വരികയായിരുന്നു. ശാസ്താംകോട്ട ഭരണിക്കാവ് ജെ.എം.ടി.ടി.ഐ റിട്ട. പ്രിൻസിപ്പൽ ജെ. ചെമ്പകക്കുട്ടിഅമ്മയാണ് ഭാര്യ. മക്കൾ: ഡോ. ഇന്ദുശേഖർ (സിംഗപ്പൂർ), ലേഖ (യു.എസ്.എ), ശ്രീലക്ഷ്മി (യു.എസ്.എ). മരുമക്കൾ: ഡോ. ഗൗരി (കിംസ് ആശുപത്രി, തിരുവനന്തപുരം), വേണുഗോപാൽ (യു.എസ്.എ), രാജേഷ് (യു.എസ്.എ).