കുന്നത്തൂർ:പോരുവഴി സർവീസ് സഹകരണ ബാങ്കിൽ നടന്ന സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയായ ബാങ്ക് സെക്രട്ടറി പിടിയിൽ.പോരുവഴി പരവട്ടം സ്വദേശി രാജേഷാണ് പിടിയിലായത്. മാസങ്ങളായി ഒളിവിലായിരുന്ന ഇയാൾ വീട്ടിൽ എത്തിയതായുള്ള വിവരത്തെ തുടർന്ന് ഇന്നലെ രാവിലെ 11 ഓടെയാണ് ശൂരനാട് എസ്.ഐയുടെ നേതൃത്വത്തിൽ പിടികൂടിയത്.

.ഒരു കോടിയിലധികം രൂപയുടെ തട്ടിപ്പാണ് ബാങ്കിൽ നടന്നത്.കോൺഗ്രസ് ഭരണത്തിലുണ്ടായിരുന്ന ബാങ്കിൽ സിപിഎം അനുഭാവിയായ രാജേഷായിരുന്നു കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്.നിക്ഷേപമായും ചിട്ടിയായും എത്തിയിരുന്ന പണം രാജേഷ്, ഭരണസമിതി അറിയാതെ അപഹരിക്കുകയായിരുന്നുവത്രേ. ഇടപാടുകാർക്ക് ബാങ്കിൽ തുക സ്വീകരിച്ചതായുള്ള രേഖകളും ലഭിച്ചിരുന്നു.എന്നാൽ ആറു മാസം മുമ്പ് ഒരു നിക്ഷേപകൻ തുക തിരികെ പിൻവലിക്കാൻ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.തുടർന്ന് കൂടുതൽപ്പേർ പരാതികളുമായെത്തി.പിന്നീട് നടത്തിയ പരിശോധനയിലാണ് സെക്രട്ടറി നടത്തിയ തട്ടിപ്പ് പുറത്തായത്.സംഭവം വിവാദമായതോടെ ഇയാൾ മുങ്ങുകയും ഭരണസമിതി, സെക്രട്ടറി സ്ഥാനത്തു നിന്ന് ഒഴിവാക്കുകയും ചെയ്തു. പിന്നീട് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയും പിരിച്ചുവിടപ്പെട്ടു.ഇപ്പോൾ റിസീവർ ഭരണത്തിലാണ് ബാങ്ക്.എന്നാൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സെക്രട്ടറിയെ സിപിഎം സംരക്ഷിക്കുകയാണെന്നുമുള്ള ആരോപണം ഉയർന്നിരുന്നു. നിക്ഷേപകർ തുക ആവശ്യപ്പെട്ട് ബാങ്കിനു മുന്നിൽ സമരം ആരംഭിക്കുകയും ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഇയാൾ പിടിയിലായത്. രാജേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ചോദ്യം ചെയ്ത് വരികയാണെന്നും ശൂരനാട് എസ് ഐ സുജീഷ് കുമാർ അറിയിച്ചു.രാജേഷിനെ ഇന്ന് ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തും.