ചെങ്ങന്നൂർ: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കെ, മുഖ്യമന്ത്രിയുടെ അപ്രീതിക്ക് പാത്രമായി സി.പി.എമ്മിലും ദേവസ്വം ബോർഡിലും ഒറ്റപ്പെട്ട തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ വൈകാതെ രാജിവയ്ക്കുമെന്ന് സൂചന. പകരം ആരായിരിക്കുമെന്ന അഭ്യൂഹങ്ങളും ഇതോടെ ശക്തമായി.
പത്മകുമാർ രാജിവച്ചാൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ ഉപദേഷ്ടാവായിരുന്ന ടി.കെ.എ നായരെയോ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.രാജഗോപാലൻ നായരെയോ ആ സ്ഥാനത്തേക്ക് കൊണ്ടുവരുമെന്നാണ് അഭ്യൂഹം. നിലവിൽ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനാണ് രാജഗോപാലൻ നായർ. ഇരുവരും യുവതീ പ്രവേശനത്തോട് അനുകൂലമായി പരസ്യ നിലപാട് സ്വീകരിച്ചവരാണ്. ടി.കെ.എ നായരെ നിയമിച്ചാൽ കോൺഗ്രസിന്റെ പ്രതിഷേധമുന ഒടിക്കാനാകുമെന്ന കണക്കുകൂട്ടലും നീക്കത്തിന് പിന്നിലുണ്ടത്രേ.
കടുത്ത സമ്മർദ്ദം നേരിടേണ്ടിവരുന്നതോടെ തൽസ്ഥാനത്ത് തുടരേണ്ടെന്ന നിലപാടിലാണ് പത്മകുമാറെന്ന് അറിയുന്നു. യുവതീ പ്രവേശന വിഷയത്തിൽ ബോർഡിലും ഭിന്നതയുണ്ട്. ഈ സാഹചര്യത്തിലാണ് അദ്ദേഹം ഒഴിയുമെന്ന അഭ്യൂഹം പരക്കുന്നത്. എന്നാൽ, ഇതേക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല.
യുവതീ പ്രവേശന വിഷയത്തിൽ റിവ്യൂ ഹർജി നൽകുമെന്ന് ആദ്യം വ്യക്തമാക്കിയ പത്മകുമാർ സർക്കാർ സമ്മർദ്ദത്തെ തുടർന്ന് ഇതിൽ നിന്ന് പിൻവാങ്ങിയിരുന്നു. തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോഴുണ്ടായ ഭക്തരുടെ പ്രതിഷേധം സംബന്ധിച്ച് സുപ്രീംകോടതിയിൽ വിശദമായ റിപ്പോർട്ട് നൽകുമെന്ന് പിന്നീട് അറിയിച്ചു. എന്നാൽ സർക്കാരിന്റെ കർശന നിലപാടിൽ അതിൽ നിന്നും പിൻവാങ്ങേണ്ടിവന്നു. മുഖ്യമന്ത്രിയുടെ വിമർശനം കൂടി ഏൽക്കേണ്ടി വന്നതോടെ അദ്ദേഹം പാർട്ടി നേതൃത്വത്തോട് പോലും പിന്നീട് സംസാരിക്കാൻ തയാറായില്ലെന്നാണ് അറിയുന്നത്.
സമൂഹമാദ്ധ്യമങ്ങളിൽ താൻ അയ്യപ്പഭക്തനാണെന്ന് സാക്ഷ്യപ്പെടുത്തുന്ന പത്മകുമാറിന്റെ പ്രസംഗത്തിന്റെ ഓഡിയോ പ്രചരിക്കുന്നുണ്ട്. അതിനിടെ 'അയ്യപ്പസ്വാമി തുണ, എല്ലാം ഭംഗിയായി, ആര് എതിർത്താലും ആചാരങ്ങൾ തെറ്റില്ല, അത് വിശ്വാസമാണ് ' എന്ന് തുടങ്ങി ഒരു യുവമോർച്ച നേതാവ് ഫേസ് ബുക്കിലിട്ട ലൈവ് പത്മകുമാർ ഷെയർ ചെയ്തിരുന്നു. ഇത് വിവാദമായതോടെ ഫേസ് ബുക്ക് പേജ് തന്നെ പത്മകുമാർ ഡിലീറ്റ് ചെയ്തു.
കഴിഞ്ഞ വർഷമാണ് പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തെത്തിയത്. ഒരുവർഷം കൂടി കാലാവധിയുണ്ട്. കെ.രാഘവന്റെ കാലാവധി കഴിഞ്ഞ ദിവസം കഴിഞ്ഞതിനാൽ ബോർഡിൽ നിലവിൽ ഒരു ഒഴിവുണ്ട്. പട്ടികവിഭാഗക്കാർക്കായി സംവരണം ചെയ്ത സീറ്റാണിത്.
മാറ്റാനാവില്ല, രാജി വയ്പ്പിക്കാം
തിരുവനന്തപുരം: സർക്കാർ നിലപാടിന് വിരുദ്ധമായി അഭിപ്രായ പ്രകടനം നടത്തി സർക്കാരിന്റെ അപ്രീതിക്ക് പാത്രമായെങ്കിലും എ. പത്മകുമാറിനെ ദേവസ്വം ബോർഡ് പ്രസിഡന്റ് പദവിയിൽ നിന്ന് മാറ്രാൻ കടമ്പകളേറെ. ഇതിനായി രണ്ട് മാർഗങ്ങളാണ് സർക്കാരിന് മുന്നിലുള്ളത്. ഒന്ന് ഓർഡിനൻസ് കൊണ്ടുവരിക. പ്രയാർ ഗോപാലകൃഷ്ണനെ പ്രസിഡന്റ് പദവിയിൽ നിന്ന് മാറ്രിയത് ബോർഡിന്റെ കാലാവധി മൂന്നിൽ നിന്ന് രണ്ട് വർഷമായി ഓർഡിനൻസ് വഴി കുറച്ചാണ്.ഈ സാഹചര്യത്തിൽ വീണ്ടും ഇതേ മാർഗം സ്വീകരിച്ചാൽ അത് സർക്കാരിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കും. പാർട്ടിതലത്തിൽ സമ്മർദ്ദം ചെലുത്തി സ്വയം രാജി വയ്പ്പിക്കുകയാണ് അടുത്ത മാർഗം.അങ്ങനെ രാജിക്ക് തയ്യാറായാൽ പിന്നീട് പത്മകുമാർ എന്ത് രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്ന ആശങ്ക പാർട്ടിക്കുമുണ്ട്.
നിയമസഭയിലെ ഹിന്ദു എം.എൽ.എമാരാണ് ബോർഡ് അംഗങ്ങളെ തിരഞ്ഞെടുക്കേണ്ടത്. പ്രസിഡന്റിനെ നിശ്ചയിക്കേണ്ടത് ഹിന്ദു മന്ത്രിമാരും.കെ.രാഘവന്റെ കാലാവധി അവസാനിച്ചെങ്കിലും പുതിയ അംഗത്തെ തിരഞ്ഞെടുക്കാനുള്ള നടപടികൾ തുടങ്ങിയിട്ടില്ല.