online
ഓൺലൈനിൽ ഫയൽ പരിശോധിക്കുന്ന കളക്ടറേറ്റ് ജീവനക്കാരൻ

കൊല്ലം: കളക്ടറേറ്ര് റവന്യു വിഭാഗത്തിൽ പേപ്പർ രഹിത ഇ - ഓഫീസ് സംവിധാനം നിലവിൽ വന്നതോടെ നടപടികൾ ഇനി വേഗത്തിലാകും. ഫയലുകൾ ഓൺലൈനായാകും ഉദ്യോഗസ്ഥരുടെ മുന്നിലേക്കെത്തുക. കൈമടക്ക് ലക്ഷ്യമിട്ട് ഫയലുകൾ തീർപ്പാകാതെ വച്ചുതാമസിപ്പിക്കുന്ന ഉദ്യോഗസ്ഥരെ കളക്ടർ ഇനി കൈയോടെ പിടികൂടും.

കളക്ടറേറ്റ് ഫ്രണ്ട് ഓഫീസിലും തപാൽ വിഭാഗത്തിലും ലഭിക്കുന്ന അപേക്ഷകൾ അതേപടിയാണ് നേരത്തെ ബന്ധപ്പെട്ട റവന്യു സെക്ഷനുകളിലേക്ക് എത്തിയിരുന്നത്. ഏറെ ബുദ്ധിമുട്ടിയാലേഇത് ഏത് ഉദ്യോഗസ്ഥന്റെ മേശയിലാണെന്ന് കണ്ടെത്താൻ കഴിയൂ. 'പൂഴ്ത്തിവയ്പുകാരെ" കണ്ടെത്തുകയും പ്രയാസമായിരുന്നു. ഫയൽ നഷ്ടമായെന്ന് പറഞ്ഞ് കൈയൊഴിയുകയും ചെയ്യാം. എന്നാൽ ഇ - ഓഫീസ് സംവിധാനത്തിൽ ഇതൊന്നും നടക്കില്ല.


ഫയലുകൾ വേഗത്തിൽ തീർപ്പാകുമെന്നതാണ് പുതിയ സംവിധാനത്തിന്റെ നേട്ടം. ലഭിക്കുന്ന അപേക്ഷകളും കത്തുകളും ഫ്രണ്ട് ഓഫീസിലും തപാൽ സെക്ഷനിലും സ്കാൻ ചെയ്ത് ഇ- ഓഫീസ് സോഫ്റ്റ്‌വെയറിലേക്ക് മാറ്റും തുടർന്ന് ഇത് ബന്ധപ്പെട്ട സെക്ഷൻ ക്ലാർക്കിന് ഓൺലൈനായി കൈമാറും. സെക്ഷൻ ക്ലാർക്ക് സോഫ്റ്റ് വെയറിൽ തന്നെ കുറിപ്പുകൾ രേഖപ്പെടുത്തി മേലുദ്യോഗസ്ഥർക്ക് നൽകും. കളക്ടറും ഇ - ഓഫീസ് സോഫ്റ്റ്‌വെയറിൽ തന്നെയാകും ഫയൽ പരിശോധിച്ച് തീർപ്പുകൽപ്പിക്കുക. ഒടുവിൽ നടപടികൾ പൂർത്തിയായി ഫ്രണ്ട് ഓഫീസിലേക്ക് എത്തുമ്പോൾ ഫയൽ പ്രിന്റെടുത്ത് പേപ്പർ രൂപത്തിലേക്ക് മാറും.

 വില്ലേജ് ഓഫീസുകളിലേക്കും

ഘട്ടം ഘട്ടമായി ജില്ലയിലെ വില്ലേജ് ഓഫീസുകളും താലൂക്ക് ഓഫീസുകളും ഇ- ഓഫീസിലേക്ക് മാറും. ഇതോടെ ഇവിടങ്ങളിൽ നിന്നുള്ള ഫയലുകൾ ഓൺലൈനായി കളക്ടറേറ്റിലെത്തും. തപാലിലോ ജീവനക്കാർ നേരിട്ടോ എത്തിക്കുന്നത് വഴി ഉണ്ടാകുന്ന കാലതാമസം ഒഴിവാകും.