ship-service-1
കൊല്ലം​​- കൊളംബോ കപ്പൽ സർവീസിന്റെ സാദ്ധ്യതകൾ സംബന്ധിച്ച് ആശ്രാമം ഗസ്റ്ര് ഹൗസിൽ നടന്ന ചർച്ചയ്ക്ക് ശേഷം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എക്സ്പ്രസ് സീഡേഴ്സ് സീനിയർ ഡയറക്ടർ നെൽസൺ സെക്കേറയ്ക്കൊപ്പം

കൊല്ലം: ശ്രീലങ്കയിലെ കൊളംബോയിൽ നിന്ന് കൊല്ലം തുറമുഖത്തേക്ക് തോട്ടണ്ടിയുമായി വിദേശ കപ്പലുകളെത്താനുള്ള സാദ്ധ്യത തെളിഞ്ഞു. തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ ആശ്രാമം ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് അന്തിമ ധാരണയായത്. നൂറിലേറെ കപ്പലുകളുള്ള വിദേശ കമ്പനി എക്‌സ്‌പ്രസ് ഫീഡേഴ്സിന്റെ കപ്പലാണ് കൊല്ലത്തേക്ക് ചരക്ക് സർവീസ് നടത്താൻ സന്നദ്ധത അറിയിച്ചത്. എക്‌സ്‌പ്രസ് ഫീഡേഴ്സിന്റെ സൗത്ത് ഏഷ്യ സീനിയർ ഡയറക്‌ടർ നെൽസൺ സെക്ക്വേറ ഇന്നലത്തെ യോഗത്തിൽ പങ്കെടുത്തു.

വിവിധ ഷിപ്പിംഗ് ഏജന്റുമാർ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിൽ തുറമുഖത്തിന്റെ പ്രത്യേകതകളും സാദ്ധ്യതകളും അവതരിപ്പിച്ചു. കൊല്ലം തുറമുഖത്ത് എമിഗ്രേഷൻ ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യത്തിൽ ഉടൻ പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പ് നൽകി. കേരള മാരിടൈം ബോർഡ് അംഗങ്ങളായ പ്രകാശ് അയ്യർ, അഡ്വ. മണിലാൽ, കൊല്ലം പോർട്ട് ഓഫീസർ ക്യാപ്ടൻ എബ്രഹാം വി. കുര്യാക്കോസ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. യോഗത്തിന് ശേഷം കപ്പൽ കമ്പനി പ്രതിനിധിയടക്കമുള്ളവർ തുറമുഖം സന്ദർശിച്ചു.

 കൊല്ലത്തിന് ആകർഷണങ്ങളേറെ

ആഫ്രിക്കയിൽ നിന്നുള്ള തോട്ടണ്ടി നിലവിൽ കൊളംബോ വഴി തൂത്തുക്കുടി, കൊച്ചി തുറമുഖങ്ങളിലാണ് എത്തിക്കുന്നത്. അവിടെ നിന്ന് റോഡ് മാർഗം കൊല്ലത്തെത്തുമ്പോൾ ഒരു കണ്ടെയ്‌നറിന് പുറത്ത് വീണ്ടും 15000 രൂപയുടെ അധിക ചെലവുണ്ടാകും. തോട്ടണ്ടിയുമായി കപ്പലുകൾ നേരിട്ട് കൊല്ലത്തെത്തുമ്പോൾ സാമ്പത്തിക നഷ്ടം ഒഴിവാക്കാനാകും. കൊച്ചി തുറമുഖത്ത് ഒരു കണ്ടെയ്‌നറിന്റെ ടെർമിനൽ ഹാന്റിലിംഗ് ചാർജ് 8500 രൂപയാണെങ്കിൽ കൊല്ലത്തെ ചാർജ് 3500 രൂപ മാത്രമാണ്. 7000 ടൺ സംഭരണ ശേഷിയുള്ള കപ്പൽ ഒരു ദിവസം കൊച്ചി തുറമുഖത്ത് തങ്ങണമെങ്കിൽ എട്ട് ലക്ഷം രൂപ നൽകണം. എന്നാൽ കൊല്ലത്തെ പോർട്ട് ഫീസ് ഒരു ലക്ഷം രൂപയിലും താഴെയാണ്.

 നവംബർ ആദ്യവാരം ഡ്രഡ്ജറുമായി കപ്പലെത്തും

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനുള്ള ഡ്രഡ്ജറുമായി വിദേശ കപ്പൽ എ.വി. റെജീൻ നവംബർ ആദ്യവാരം കൊല്ലം തുറമുഖത്ത് എത്തും. കൊല്ലം - ലക്ഷദ്വീപ് യാത്രാക്കപ്പൽ സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.