photo
വെണ്ടാറിലെ പൈൻമരക്കാവ്

കൊല്ലം: വെണ്ടാറിലെത്തുമ്പോൾ കാറ്റിന് മനം മയക്കുന്ന കുന്തിരിക്കത്തിന്റെ ഗന്ധമാണ്. പ്രസിദ്ധമായ കൊട്ടാരക്കര വെണ്ടാർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെയും ദേവീക്ഷേത്രത്തിന്റെയും ഭാഗമായുള്ള കാവിൽ നിന്നാണ് ഈ ഗന്ധം. സാധാരണ കാവുകളെപ്പോലെ വിവിധ ഇനം മരങ്ങളോ കാട്ടുവള്ളികളോ ഇല്ലാത്ത കാവാണ് ഇവിടെയുള്ളത്. കുന്തിരിക്കം പൊട്ടിയൊലിക്കുന്ന നൂറോളം പൈൻമരങ്ങൾ മാത്രമാണ് കാവിൽ വളർന്ന് തിങ്ങി നിൽക്കുന്നത്. ഇവയ്ക്ക് എത്ര വയസുണ്ടാകുമെന്ന് ഇന്നാട്ടുകാർക്ക് നിശ്ചയമില്ല.

നൂറ്റാണ്ടുകളായി ഇവിടെ പൈൻമരങ്ങളുണ്ടെന്ന് പഴമക്കാരുടെ വായ്മൊഴിയായി അറിയാമെന്ന് മാത്രം. മരങ്ങളുടെ പുറംതൊലി പൊട്ടിയൊലിച്ച് ഉറഞ്ഞാണ് കുന്തിരക്കമായി മാറുന്നത്. ക്ഷേത്രത്തിലെത്തുന്നവരിൽ പലരും പലരും കാവിലെത്തി കുന്തിരിക്കം ശേഖരിക്കാറുണ്ട്. വേനലിന്റെ ആരംഭത്തിലാണ് കാവിലെ മരങ്ങൾ തളിരിടുന്നത്. അപ്പോഴൊക്കെ ചെമ്പട്ട് നിറമാണ്. പിന്നെ ഇലകൾക്ക് നല്ല പച്ചപ്പാകും. അപ്പോഴേക്കും മഞ്ഞപ്പൂക്കളിട്ട് കായ്കളായി മാറും.

വലിപ്പമുള്ള സപ്പോട്ട പോലെയാണ് കായ്കൾ. മൺസൂണിന്റെ വരവോടെയാണ് കായ്കൾ കൊഴിഞ്ഞ് വീണ് പുതിയ തൈകളുണ്ടാകുന്നത്. ഒരേക്കറിലധികം വിസ്തൃതിയുള്ള കാവിൽ കായ് വീണ് കിളിർക്കാറുണ്ട്. എന്നാൽ കാവിലല്ലാതെ സമീപത്തെ മറ്റൊരു പുരയിടത്തിലും ഇത് വളരില്ല. നട്ടുനനച്ചതൊക്കെയും പട്ടുപോവുകയായിരുന്നു.

ജൈവ വൈവിദ്ധ്യ വ്യവസ്ഥയ്ക്ക് വ്യതിയാനം

പൈൻമരങ്ങൾ ജൈവ വൈവിദ്ധ്യ വ്യവസ്ഥയ്ക്ക് കാര്യമായ വ്യതിയാനം സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ഇവിടെ ഉരഗങ്ങൾ അധിവസിക്കാത്തത്. ശലഭങ്ങൾ പോലും ഇതിന്റെ പുഷ്പങ്ങളിലേക്ക് ആകർഷിക്കപ്പെടാറില്ല. കുന്തിരിക്കം പൈൻമരത്തിന്റെ തൊലി പൊട്ടി ഊറിവരുന്നതാണ് കുന്തിരിക്കം. തൊലിയിൽ കൃത്രിമമായി വിള്ളലുണ്ടാക്കിയും ഇത് വ്യാവസായികമായി ഉത്പാദിപ്പിക്കാറുണ്ട്. സുഗന്ധമുണ്ടാക്കാൻ എന്നതിനും അപ്പുറം ഒട്ടേറെ ഔഷധ ഗുണങ്ങളും കുന്തിരിക്കത്തിനുണ്ട്. ആയൂർവേദ മരുന്നുകളിൽ മണത്തിനും ചേർക്കാറുണ്ട്. പെയിന്റ് വാർണിഷ്, മെഴുക് നിർമ്മാണത്തിനും ഉപയോഗിക്കുന്നു.

(ഡോ.സൈനുദ്ദീൻ പട്ടാഴി, പരിസ്ഥിതി ശാസ്ത്രജ്ഞൻ)