കുണ്ടറ: കൊല്ലത്തേക്കുപോയ പാസഞ്ചർ ട്രെയിനിടിച്ച് സുഹൃത്തുക്കളിലൊരാൾ മരിച്ചു. മറ്രെയാൾക്ക് ഗുരുതരമായി പരിക്കേറ്റു. കുണ്ടറ റെയിൽവേ സ്റ്റേഷനും ഇളമ്പള്ളൂർ ലവൽ ക്രോസിനുമിടയിൽ കഴിഞ്ഞദിവസം രാത്രി 8.20 ഓടെയായിരുന്നു അപകടം. കൊട്ടാരക്കര തൃക്കണ്ണമംഗലം ഇ.ടി.സി ഗാന്ധി കോളനിയിൽ സുനിലാണ് (36) മരിച്ചത്. സുഹൃത്ത് കുന്നത്തൂർ തുരുത്തിക്കര സ്വദേശി അനി എന്ന രാമചന്ദ്രനെ(38) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരപ്പണിക്കാരായിരുന്നു ഇരുവരും.
കശുഅണ്ടി ഫാക്ടറി ജീവനക്കാരാനായിരുന്ന സുനിലിന് ഫാക്ടറി അടച്ചതോടെ ജോലി നഷ്ടമായി. തുടർന്നാണ് കുടുംബം പോറ്റാൻ മരപ്പണിക്ക് പോയിത്തുടങ്ങിയത്. സുഹൃത്തുക്കളായ ഇരുവരും ജോലി കഴിഞ്ഞ് ട്രാക്കിലൂടെ നടക്കവെ അപകടം ഉണ്ടായെന്നാണ് പൊലീസ് സംശയിക്കുന്നത്. സുനിലിന് ഭാര്യയും കുട്ടികളുമുണ്ട്. രാമചന്ദ്രൻ ഇപ്പോൾ കൊട്ടാരക്കരയിലാണ് താമസം.