ചാത്തന്നൂർ: ചിറക്കര ഗ്രാമ പഞ്ചായത്ത് ഏറം തെക്ക് വാർഡ് സെറ്റിൽമെന്റ് കോളനിക്ക് സമീപത്തെ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടിയില്ലാത്തത് ജനങ്ങളെ വലയ്ക്കുന്നു. പാറ ജംഗ്ഷനിൽ നിന്ന് ആയിരവല്ലി ക്ഷേത്രത്തിലേക്ക് പോകുന്ന റോഡാണ് ജനങ്ങൾക്ക് ദുരിതമാകുന്നത്. കെട്ടിക്കിടക്കുന്ന മലിനജലം സമീപത്തെ കിണറുകളിലേക്ക് ഒഴുകി ഇറങ്ങുന്ന അവസ്ഥയാണ്. ഇതുവഴി നിരവധി സ്കൂൾ ബസുകളും മറ്റ് വാഹനങ്ങളും കടന്ന് പോകുന്നുണ്ട്. ഇരു ചക്രവാഹനങ്ങളിലെത്തുന്നവർ അപകടത്തിൽപ്പെടുന്നതും നിത്യസംഭവമായി.
വെളളക്കെട്ടിന് പരിഹാരമായി ഓട നിർമ്മാണത്തിന് പഞ്ചായത്ത് ഫണ്ടിൽ നിന്ന് ഒൻപത് ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിനായി ടെണ്ടർ നടപടികൾ പൂർത്തിയാക്കി കരാറും നൽകി. എന്നാൽ നിർമ്മാണം മാത്രം അനന്തമായി നീളുകയാണ്. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും വെള്ളക്കെട്ട് ഒഴിവാക്കി തങ്ങളെ രക്ഷിക്കണമെന്നുമാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.