photo

ശിലയിട്ടത്: 2010ൽ

പാലത്തിന് അനുവദിച്ചത്: 41.22 കോടി

തുക: കിഫ്ബിയിൽ നിന്ന്

പാലത്തിന്റെ നീളം: 408 മീറ്റർ

അപ്രോച്ച് റോഡിന് ഭൂമിയേറ്റെടുക്കണം

ഏറ്റെടുക്കുന്നത്: 1 ഏക്കർ ഭൂമി

കൊല്ലം: അഷ്ടമുടി കായലിന് കുറുകെ പേഴുംതുരുത്ത്- പെരുമൺ പാലത്തിന് സാമ്പത്തികാനുമതി ലഭിച്ചു. 41.22 കോടി രൂപയാണ് കിഫ്ബിയിൽ ഉൾപ്പെടുത്തി അനുവദിച്ചത്. ഇന്നലെ തിരുവനന്തപുരത്ത് നടന്ന കിഫ്ബിയുമായി ബന്ധപ്പെട്ട എക്സി.കമ്മിറ്റി യോഗത്തിലാണ് സാമ്പത്തിക അനുതിയുണ്ടായത്. പനയം- മൺറോത്തുരുത്ത് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന് 408 മീറ്റർ നീളമുണ്ടാകും. അപ്രോച്ച് റോഡിനായി പനയം- മൺറോത്തുരുത്ത് വില്ലേജുകളിലായി 370 മീറ്റർ നീളത്തിൽ ഒരേക്കർ ഭൂമി ഏറ്റെടുക്കുന്നുണ്ട്. 44 ഭൂ ഉടമകളിൽ നിന്നാണ് ഇത് ഏറ്റെടുക്കുക. ഭൂമിയുടെ വില സംബന്ധിച്ച് ധാരണയുണ്ടാക്കിയിട്ടുണ്ട്. ഭൂഉടമകൾ ഭൂമി വിട്ടുനൽകുന്നതിനായി സമ്മത പത്രം സമർപ്പിച്ചിട്ടുമുണ്ട്.

നീണ്ടനാളത്തെ കാത്തിരിപ്പിന് ശേഷമാണ് പേഴുംതുരുത്ത്- പെരുമൺ പാലം യാഥാർത്ഥ്യമാകാൻ പോകുന്നത്. ആദ്യം പാലത്തിന് വേണ്ടി തുക അനുവദിക്കുകയും 2010 ജൂലൈ 17ന് അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ ശിലപാകുകയും ചെയ്തിരുന്നു. എന്നാൽ തുടർന്നുവന്ന സർക്കാർ ഈ പദ്ധതിക്ക് പച്ചക്കൊടി കാട്ടിയില്ല. വീണ്ടും ഇടത് സർക്കാർ അധികാരത്തിലെത്തിയതോടെ എം.മുകേഷ് എം.എൽ.എയുടെ ശ്രമഫലമായി തുക അനുവദിച്ചെങ്കിലും നടപടിക്രമങ്ങൾ നീണ്ടുപോയി. ഈ മാസം 7ന് 'പേഴുംതുരുത്ത്- പെരുമൺ പാലം പരിധിക്ക് പുറത്ത്' എന്ന തലക്കെട്ടോടെ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടപടികൾക്ക് വേഗത കൈവരികയായിരുന്നു. നിലവിൽ ജങ്കാർ സർവ്വീസാണ് അക്കരെയിക്കരെ കടക്കാനുള്ള മാർഗം. ഇത് വേണ്ടത്ര ഉപകരിക്കാറുമില്ല.

ഉടൻ ടെണ്ടർ

നാടിന്റെ വലിയ സ്വപ്നമാണ് പാലം നിർമ്മിക്കുന്നതോടെ യാഥാർത്ഥ്യമാകുന്നത്. അപ്രോച്ച് റോഡ് നിർമ്മാണത്തിന്റെയും നടപടികൾ പുരോഗമിക്കുകയാണ്. ഭൂ ഉടമകൾക്ക് ഭൂമിയുടെ നഷ്ടപരിഹാര തുക ഉടൻ നൽകാനാകും. 41.22 കോടി രൂപയുടെ സാമ്പത്തിക അനുമതി ലഭിച്ചുകഴിഞ്ഞു. ഇനി ഉടൻ ടെണ്ടർ നടപടികളിലേക്ക് തിരിയും.

(എം.മുകേഷ് എം.എൽ.എ)