കൊല്ലം: സ്പെഷ്യൽ സ്‌കൂൾ കലോത്സവത്തിന്റെ ലളിതഗാന മത്സര വേദിയിൽ നിന്ന് തപ്പിതടഞ്ഞ് പുറത്തേക്കിറങ്ങിയ അമൽ ഗുരുവിനോട് ചോദിച്ചു. 'മാഷേ ന്റെ പാട്ട് ദാസേട്ടന്റേത് പോലെയായോ?'. അമലിന്റെ തലയിൽ തലോടിക്കൊണ്ട് മാഷ് പറഞ്ഞു. 'ഉം, നന്നായിരുന്നു'. ജീവിതത്തിലൊരിക്കലും യേശുദാസിന്റെ മുഖം കാണാനാവില്ലെന്നറിഞ്ഞിട്ടും അദ്ദേഹത്തെ മനസിൽ ഗുരുവായി വരിച്ച അമലിന്റെ മുഖത്ത് പുഞ്ചിരി പടർന്നു. വൈകാതെ മത്സരഫലം പ്രഖ്യാപിച്ചു. അമലിന് എ ഗ്രേഡ്. സ്‌കൂൾ വരാന്തയിലൂടെ ഗുരുവിന്റെ വിരൽ പിടിച്ച് നടന്ന് നീങ്ങുമ്പോഴും അവൻ പാടിക്കൊണ്ടിരുന്നു. 'തുയിലുണരൂ തുയിലുണരൂ തുമ്പികളെ തുമ്പപ്പൂക്കാവിലെ കുരുവികളെ...".
തിരുവനന്തപുരം പാളയം സി.ആർ.ഡി സ്പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥിയായ എ.വൈ. അമലിന്കാഴ്‌ചയില്ല. എൺപത് ശതമാനമാണ് വൈകല്യം. ഗായകൻ കൂടിയായ സ്‌കൂളിലെ ഹൗസ് കീപ്പിംഗ് അദ്ധ്യാപകൻ ജോയലാണ് ഗുരു. അമൽ ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ല. പക്ഷേ, ജോയൽ പാടിക്കൊടുക്കുന്നത് അതുപോലെ ഏറ്റുപാടും. യേശുദാസിന്റെ പാട്ടുകളോടാണ് പ്രിയം. തിരുവനന്തപുരം കോവളം വവ്വാമൂല തേരിവിള വീട്ടിൽ അനിൽകുമാറിന്റെയും യമുനയുടെയും മകനാണ്. വയലിനും പഠിക്കുന്നുണ്ട്.കൊല്ലത്ത് നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോൽസവത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നുമുള്ള കുട്ടികൾ പങ്കെടുക്കുന്നുണ്ട്.