ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്ത് മൃഗാശുപത്രിക്കായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജി.എസ്. ജയലാൽ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജി. പ്രേമചന്ദ്രനാശാൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുശീലാദേവി, ഉല്ലാസ് കൃഷ്ണൻ, മധുസൂദനൻ പിള്ള, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.പി. അനിലകുമാരി ,ഗ്രാമ പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.
2009ൽ അനുവദിച്ച മൃഗാശുപത്രി വാടക കെട്ടിടത്തിലാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഗ്രാമ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയ നാലേകാൽ ലക്ഷം രൂപയും വാർഡുതല വികസന സമിതികൾ സ്വരൂപിച്ച 1,47,000രൂപയും ചേർത്താണ് കെട്ടിടം നിർമ്മിക്കാനുള്ള വസ്തു വാങ്ങിയത്. ഇതിൽ മൃഗസംരക്ഷണ വകുപ്പ് അനുവദിച്ച 35 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്.