കൊല്ലം: മയ്യനാട് റെയിൽവേ മേൽപ്പാലം നിർമ്മാണത്തിന് 29.95 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി ബോർഡ് അംഗീകാരം നല്കിയതായി എം നൗഷാദ് എം.എൽ.എ അറിയിച്ചു. റെയിൽവേയുമായി ചെലവ് പങ്കിടാതെ മുഴുവൻ തുകയും കിഫ്ബിയിൽ നിന്ന് ചെലവഴിച്ച് സംസ്ഥാന സർക്കാർ തന്നെയാണ് മേൽപ്പാലം നിർമ്മിക്കുന്നത്. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോർപ്പറേഷനാണ് നിർമ്മാണ ചുമതല. രണ്ടുമാസത്തിനകം സ്ഥലമേറ്റെടുക്കാൻ നടപടികൾ ആരംഭിക്കും. അടുത്ത വർഷം പകുതിയോടെ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.
മയ്യനാട് ലെവെൽക്രോസിന് പകരമാണ് മേൽപ്പാലം നിർമ്മിക്കുന്നത്. ഗതാഗതത്തിരക്കേറിയ മയ്യനാട്- കൊട്ടിയം റോഡിനെ വിഭജിച്ചുകൊണ്ടാണ് തിരുവനതപുരം- കൊല്ലം റെയിൽപ്പാത കടന്നു പോകുന്നത്. തിരക്കേറിയ പാതയായതിനാൽ ദിവസത്തിൽ അധികസമയവും ലെവൽക്രോസ് അടഞ്ഞുകിടക്കുകയാണ് പതിവ്. ഇതുമൂലം ലെവെൽക്രോസിന് ഇരുപുറവുമായി ജീവിതം വഴിമുട്ടിപോകുന്നത് മയ്യനാടിന്റെ നീറുന്ന സാമൂഹ്യപ്രശ്‌നമാണ്. പദ്ധതിക്ക് സാമ്പത്തിക സഹായം വേണ്ടെന്ന് സംസ്ഥാന സർക്കാർ റെയിൽവേയെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ടു ബഡ്ജറ്റുകളിലായി മയ്യനാട് ഉൾപ്പെടെ നാലു മേൽപ്പാലങ്ങൾക്കാണ് മണ്ഡലത്തിൽ അനുമതി ലഭിച്ചത്. ഇതിൽ ഇരവിപുരം റെയിൽവേ മേൽപ്പാലത്തിന്റെ സ്ഥലമേറ്റെടുക്കൽ നടപടികൾ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. അയത്തിൽ, കല്ലുംതാഴം ഫ്‌ളൈ ഓവറുകളുടെ രൂപരേഖയും അടങ്കലും തയ്യാറായി വരികയാണ്. നാല് പദ്ധതികളും കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെയാണ് നടപ്പാക്കുന്നത്. ഉദ്ദേശിച്ചതിലും വേഗത്തിൽ മയ്യനാട്, ഇരവിപുരം മേൽപ്പാലങ്ങൾ യാഥാർത്ഥ്യമാക്കാൻ നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്നും നൗഷാദ് പ്രസ്താവനയിൽ പറഞ്ഞു.