ചാത്തന്നൂർ: ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്ന കുട്ടികളുടെ വികസനം ലക്ഷ്യമിട്ട് കുടുംബശ്രീ ജില്ലാ മിഷൻ നടപ്പാക്കുന്ന കാർഷിക പദ്ധതിയായ സഞ്ജീവനി അഗ്രിതെറാപ്പി പൂതക്കുളം ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിൽ ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം പൂതക്കുളം പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശ്രീകുമാർ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീരശ്മി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. അശോകൻ പിള്ള, പഞ്ചായത്ത് അംഗങ്ങളായ വി. സജീവ്, രത്നമ്മ, പഞ്ചായത്ത് സെക്രട്ടറി വി.ജി. ഷീജ, കുടുംബശ്രീ ബ്ലോക്ക് കോ ഓർഡിനേറ്റർ (അഗ്രി) ആർ. രാഹുൽ കൃഷ്ണൻ, സി.ഡി.എസ് ചെയർപേഴ്സൺ ഗീത ഉണ്ണി, സി.ഡി.എസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
എന്താണ് സഞ്ജീവനി
ജില്ലയിലെ ബഡ്സ് സ്കൂൾ / ബി.ആർ.സികളിൽ നടപ്പാക്കുന്ന അഗ്രിതെറാപ്പി പദ്ധതിയാണ് സഞ്ജീവനി. പൂർണ്ണമായും ജൈവകൃഷിയിലൂടെ കുട്ടികൾക്ക് വിഷരഹിതമായ ഭക്ഷണം ലഭ്യമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. കൂടാതെ ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് പരമ്പരാഗതവും നൂതനവുമായ കൃഷിരീതികൾ പരിചയപ്പെടുന്നതിനും ഇതിലൂടെ സാധിക്കും. ആവശ്യമായ നിർദ്ദേശങ്ങൾ നൽകാൻ അദ്ധ്യാപികമാർക്ക് കുടുംബശ്രീ മുഖേന പരിശീലനം നൽകിയിട്ടുണ്ട്. കൂടാതെ മാസ്റ്റർ കർഷകരുടെ സേവനവും ലഭ്യമാക്കും.
പദ്ധതി നടപ്പാക്കുന്നത് ഇങ്ങനെ
പതിനെട്ട് വയസിൽ കൂടുതൽ പ്രായമുള്ള 23 കുട്ടികളാണ് പൂതക്കുളം ബി.ആർ.സിയിൽ ഉള്ളത്. സ്ഥാപനത്തോട് ചേർന്ന 10 സെന്റ് സ്ഥലത്താണ് കൃഷി ആരംഭിച്ചത്. തക്കാളി, പച്ചമുളക്, വെണ്ട, പയർ, വഴുതിന തുടങ്ങിയ കുട്ടികൾക്ക് അനായാസം പരിചരിക്കാനാകുന്ന പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. ആവശ്യമായ തൈകൾ കൃഷി ഭവനിൽ നിന്നും ഗ്രോ ബാഗുകളും മറ്റും അഗ്രോ ബസാറിൽ നിന്നും എത്തിച്ചു. കൃഷി പരിപാലത്തിന് ആവശ്യമായ ചെറിയ ഉപകരണങ്ങളും കുടുംബശ്രീ എത്തിച്ചിട്ടുണ്ട്.വിളവെടുക്കുന്ന പച്ചക്കറി സ്ഥാപനത്തിലെ ഭക്ഷണത്തിനായി ഉപയോഗിക്കും.