കൊല്ലം: പള്ളിത്തോട്ടത്തെ സ്വകാര്യ സ്വർണ പണയ സ്ഥാപനത്തിൽ മോഷണ ശ്രമം. മോഷ്ടാക്കളുടെ ദൃശ്യങ്ങൾ സ്ഥാപനത്തിലെ സി.സി.ടി.വി കാമറകളിൽ പതിഞ്ഞു. പള്ളിത്തോട്ടം ബെസ്റ്റ് ഫിനാൻസിയേഴ്സിലാണ് മോഷണ ശ്രമം ഉണ്ടായത്. ഇന്നലെ പുലർച്ചെ 1.42നും 3.15നും ഇടയിലാണ് രണ്ട് പേർ മോഷണത്തിനായി എത്തിയത്.
ഒരാൾ തൊപ്പി ധരിച്ചും രണ്ടാമൻ ഹെൽമറ്റ് ധരിച്ചും മതിൽ ചാടി കടന്നാണ് സ്ഥാപനത്തിന്റെ വളപ്പിൽ പ്രവേശിച്ചത്. ഇവരിൽ ഒരാൾ സി.സി.ടി.വി കാമറകളിൽ ഒരെണ്ണം തിരികെ വച്ചു. സഥാപനത്തിന്റെ വാതിലിന് മുന്നിലെ ഗ്രില്ലുകൾ ബന്ധിച്ചിരുന്ന അഞ്ച് പൂട്ടുകൾ അറുത്ത് മാറ്റി. ഷട്ടറിന്റെ പൂട്ടുകൾ അറുത്തു മാറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ഇരുവരും മതിൽ ചാടി തൊട്ടപ്പുറത്ത് പ്രവർത്തിക്കുന്ന മറ്റൊരു സ്വകാര്യ സ്ഥാപനത്തിന്റെ വളപ്പിലിറങ്ങി. എന്നാൽ ഇവിടെ മോഷണത്തിന് ശ്രമിക്കാതെ ഇരുവരും റോഡിലൂടെ നടന്നു പോകുന്ന ദൃശ്യങ്ങളും സി.സി.ടി.വി കാമറകളിൽ ലഭിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ ഏഴരയോടെ സ്ഥാപന ഉടമ എസ്. ചന്ദ്രബാബു സ്ഥാപനത്തിൽ എത്തിയപ്പോഴാണ് മോഷണശ്രമം അറിഞ്ഞത്. പള്ളിത്തോട്ടം പൊലീസ് കേസെടുത്തു.