കൊല്ലം: ജില്ലാ ആശുപത്രിയെ ജനറൽ ആശുപത്രിയാക്കി ഉയർത്താനുള്ള സാദ്ധ്യത മങ്ങി. ഇനി സംസ്ഥാനത്ത് ജനറൽ ആശുപത്രികളുണ്ടാകില്ല. പകരം ജില്ലാ ആശുപത്രികളെ വികസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ആർദ്രം മിഷനിൽ കിഫ്ബി ഫണ്ടുപയോഗിച്ച് കൊല്ലം ജില്ലാ ആശുപത്രിയിലും ഗവ. വിക്ടോറിയയിലും വൻ വികസനത്തിന് സാദ്ധ്യത തെളിയുന്നു.
വികസന മാസ്റ്റർ പ്ളാൻ തയ്യാറാക്കുന്നതിന് മുന്നോടിയായി സ്ഥലപരിശോധന നടത്താൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജീവ് സദാനന്ദന്റെ നേതൃത്വത്തിൽ വിദഗ്ദ്ധസംഘം വെള്ളിയാഴ്ച ആശുപത്രി സന്ദർശിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വസന്തദാസ്, ആർ.എം.ഒ ഡോ. ആർ. അനിൽകുമാർ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.വി. അജിത, വിക്ടോറിയ ആശുപത്രി സൂപ്രണ്ട് ഡോ. സൈജു ഹമീദ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ജില്ലാ ആശുപത്രിയിൽ രണ്ട് പുതിയ ബ്ളോക്ക്, വിക്ടോറിയയിൽ 3
ജില്ലാ ആശുപത്രിയിൽ ഡയഗ്നോസ്റ്റിക്, ഒ.പി ബ്ളോക്കുകൾ പുതുതായി നിർമ്മിക്കും. വിക്ടോറിയയിൽ മൂന്ന് പുതിയ ബ്ളോക്കുകളും നിർമ്മിക്കും. ജില്ലാ ആശുപത്രിയിൽ മോർച്ചറി, ലിംബ് ഫിറ്റിംഗ് സെന്റർ, പൊലീസ് സെൽ എന്നിവ നിൽക്കുന്ന സ്ഥലത്താണ് പുതിയ ബ്ളോക്ക് നിർമ്മിക്കാൻ ലക്ഷ്യമിടുന്നത്. ഈ ഭാഗത്ത് ചിതറിക്കിടക്കുന്ന പഴയ കെട്ടിടങ്ങളെല്ലാം പൊളിച്ച് പുതിയബഹുനില മന്ദിരം നിർമ്മിക്കുകയാണ് ലക്ഷ്യം. വിശാലമായ വാഹന പാർക്കിംഗ് സൗകര്യം അടക്കം ഉണ്ടായിരിക്കും. പുതിയ ബ്ളോക്കിൽ സൂപ്പർ സ്പെഷ്യാലിറ്റി അടക്കമുള്ള ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തി അക്രെഡിറ്റേഷൻ നേടുന്നവിധമായിരിക്കും വികസനം. ഈ ഭാഗത്തെ പബ്ളിക് ഹെൽത്ത് ലാബിന്റെ സ്ഥലം കൂടി ഉൾപ്പെടുത്തി വികസിപ്പിക്കാനായിരുന്നു ശ്രമമെങ്കിലും ലാബിന്റെ സ്ഥലം വിട്ടുകൊടുക്കാൻ ആരോഗ്യ വകുപ്പ് അധികൃതർ തയ്യാറായില്ല. ഇവിടെ പുതിയ ലാബ് കെട്ടിട നിർമ്മാണം തുടങ്ങുകയും ചെയ്തു. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയായ വിക്ടോറിയയിലും സമാനമായ വികസനമാണ് ലക്ഷ്യമിടുന്നത്.
വിശദമായ പദ്ധതി രേഖ തയ്യാറാക്കും
രണ്ട് ആശുപത്രിയുടെയും വികസനം സംബന്ധിച്ച് വിശദമായ പദ്ധതിരേഖ ഉടൻ തയ്യാറാക്കും. രണ്ട് ദിവസത്തിനകം ഇതുസംബന്ധിച്ച ആരോഗ്യവകുപ്പിന്റെ പദ്ധതിരേഖ സർക്കാരിന് സമർപ്പിക്കും. സർക്കാർ അംഗീകരിച്ച് കിഫ്ബിയിൽ നിന്ന് ഫണ്ട് ലഭ്യമായാൽ രണ്ട് വർഷത്തിനകം വികസനം പൂർത്തിയാക്കാൻ കഴിയുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. ജില്ലാ ആശുപത്രിയും വിക്ടോറിയയും പ്രത്യേക ആശുപത്രികളാക്കി നിലനിർത്തിയാണ് വികസിപ്പിക്കുന്നത്.
സ്റ്റാഫ് പാറ്റേൺ മാറും
ജനറൽ ആശുപത്രിയാക്കിയില്ലെങ്കിലും ജില്ലാ ആശുപത്രിയുടെ വികസനം പൂർത്തിയാകുമ്പോൾ മതിയായ ജീവനക്കാരെയും നിയമിക്കും. ജനറൽ ആശുപത്രി എന്നത് പഴയ ആശയമാണ്. സംസ്ഥാനത്ത് എല്ലാ സൗകര്യങ്ങളുമുള്ള മൂന്ന് ജനറൽ ആശുപത്രികളേയുള്ളൂ. തിരുവനന്തപുരം, എറണാകുളം. കോഴിക്കോട് ജനറൽ ആശുപത്രികൾ. ബാക്കിയൊക്കെ ജില്ലാ ആശുപത്രിയുടെ നിലവാരം പോലും ഇല്ലാത്തവയാണ്. കൊല്ലം ജില്ലാ ആശുപത്രിയുടെ വികസനത്തിന് കിഫ്ബി ഫണ്ട് ലഭിക്കുമെന്നാണ് പ്രതീക്ഷ.
രാജീവ് സദാനന്ദൻ (ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി)