കൊല്ലം: കോർപ്പറേഷനിൽ ഇനി എൽ.ഇ.ഡി ബൾബുകളുടെ തിളക്കമെത്തും. ഇന്നലെ മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിലാണ് എൽ.ഇ.ഡി ബൾബുകൾ സ്ഥാപിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായത്. മേയർ വി.രാജേന്ദ്രബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എനർജി മാനേജ്മെന്റ് പ്രതിനിധികളും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
കോർപ്പറേഷനിലെ 55 ഡിവിഷനുകളിലും എൽ.ഇ.ഡി ബൾബുകളാണ് ഇനി തെരുവ് വിളക്കായി തെളിയുന്നത്. 25,000 ട്യൂബ് ലൈറ്റുകളാണ് നിലവിൽ തെരുവ് വിളക്കായി ഉള്ളത്. ഇവ പൂർണ്ണമായും നീക്കം ചെയ്യും. പകരം 30,000 എൽ.ഇ.ഡി ബൾബുകൾ സ്ഥാപിക്കും. എൽ.ഇ.ഡി ബൾബുകൾ സ്ഥാപിക്കുന്നതോടെ വലിയ തോതിൽ എനർജി ലാഭിക്കുകയും അതുവഴി കോർപ്പറേഷന് വൈദ്യുതി ഉപഭോഗത്തിന്റെ ബില്ലിൽ വലിയ കുറവുണ്ടാക്കുകയും ചെയ്യും. പത്ത് വർഷത്തെ കരാർ ആയതുകൊണ്ടുതന്നെ സർക്കാർ ഉത്തരവ് അനിവാര്യമായിരുന്നു. വൈദ്യുതി തുക വർഷാവർഷം ബന്ധപ്പെട്ട കമ്പനിതന്നെ വൈദ്യുതി ബോർഡിൽ അടക്കുന്ന തരത്തിലാണ് തീരുമാനമെടുത്തത്.
കോർപ്പറേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ആവശ്യമായ തുക അനുവദിച്ചിട്ടുണ്ട്. ഉടൻതന്നെ സർക്കാർ ഉത്തരവും ഇക്കാര്യത്തിൽ പുറപ്പെടുവിക്കുമെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ യോഗത്തിന് ഉറപ്പ് നൽകി. സർക്കാർ ഉത്തരവ് ലഭിക്കുന്നതോടെ നടപടികൾക്ക് വേഗത കൈവരും. മുഴുവൻ തെരുവ് വിളക്കുകളും എൽ.ഇ.ഡിയിലേക്ക് മാറുന്നത് കോർപ്പറേന്റെ അഭിമാന പദ്ധതിയായി മാറുമെന്നാണ് കണക്കുകൂട്ടുന്നത്.