കരുനാഗപ്പള്ളി: കോഴിക്കോട് - പുത്തൻചന്ത - പോക്കാട്ട്മുക്ക് റോഡ് സഞ്ചാരയോഗ്യമല്ലതായിട്ട് നാളുകളേറെയായി. തകർന്ന് കിടക്കുന്ന റോഡിലൂടെ കാൽനടയാത്രപോലും തീർത്തും ദുഷ്കരമാണ്.
കരുനാഗപ്പള്ളി നഗരസഭയിലെ 23, 24 ഡിവിഷനുകളിലൂടെയാണ് റോഡ് കടന്ന് പോകുന്നത്. ഒരു കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡ് അവസാനമായി ടാർ ചെയ്തത് ഒരു പതിറ്റാണ്ട് മുമ്പാണ്. അതിന് ശേഷം ഒരിക്കൽ പോലും റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. റോഡിന്റെ ശോച്യാവസ്ഥ കാരണം ഇതുവഴിയുള്ള കെ.എസ്.ആർ.ടി.സി ബസുകൾ നിറുത്തലാക്കി. റോഡിന്റെ ചുമതല പൊതുമരാമത്ത് വകുപ്പിനാണ്.
മൂക്കുംപുഴ ശ്രീദേവീക്ഷേത്രം, വെമ്പിളകാവ് ദേവീക്ഷേത്രം, കോഴിക്കോട് മുസ്ലീംപള്ളി എന്നിവിടങ്ങളിൽ എത്തിച്ചേരാനുള്ള എളുപ്പമാർഗ്ഗമാണിത്. 150 ഓളം കുടുംബങ്ങൾ റോഡിന്റെ വശങ്ങളിൽ തമസിക്കുന്നുണ്ട്. സ്കൂൾ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്ന് പോകുന്നത്. ആലുംകടവ് - പത്നാഭൻജെട്ടി റോഡിന്റെ പരിധിയിൽ വരുന്നതാണിത്. കരാറുകാൻ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് വർഷം ഒന്ന് കഴിഞ്ഞു. ഒച്ചിന്റെ വേഗത്തിലാണ് പണി മുന്നോട്ട് പോകുന്നത്. ഇതിനെതിരെ നാട്ടിൽ പ്രതിഷേധം ഉയരുകയാണ്.
മുൻസിപ്പാലിറ്റിയുടെ പരിമിതമായ ഫണ്ട് ഉപയോഗിച്ച് റോഡ് നന്നാക്കാനാവില്ലെന്ന് ഡിവിഷൻ കൗൺസിലർ മുനമ്പത്ത് ഗഫൂർ പറഞ്ഞു. മഴ തുടങ്ങിയാൽ റോഡ് വെള്ളക്കെട്ടായി മാറും. പിന്നെ റോഡിൽ അപകടങ്ങളുടെ പരമ്പരയായിരിക്കും. നിലവിലുള്ള കരാറുകാരൻ പണി സമയബന്ധിതമായി പൂർത്തിയാക്കിയാൽ മാത്രമേ റോഡിന് ശാപമോക്ഷം ലഭിക്കൂ.