പുനലൂർ: പുനലൂരിലും സമീപ പ്രദേശങ്ങളിലും അനധികൃത കുന്നിടിക്കലും നിലംനികത്തലും വീണ്ടും വ്യാപകമായി. വെട്ടിപ്പുഴയിലെ എം.എൽ.എ റോഡിന് സമീപത്തും ദേശീയപാതയോരത്ത് വാളക്കോട്ടുമാണ് രാത്രിയിലും പകലും കുന്നിടിക്കൽ വ്യാപമായി നടക്കുന്നത്.
കുന്നിടിച്ചെടുക്കുന്ന മണ്ണ് ഉപയോഗിച്ച് കുതിരച്ചിറയിലെ നിലവും ചതുപ്പ് പ്രദേശങ്ങളും നികത്തുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 18ന് ദേശീയപാതയോരത്തെ വാളക്കോട്ട് വലിയ കുന്നുകൾ ഇടിക്കുന്നത് ആർ.ഡി.ഒ ഇടപെട്ട് നിറുത്തിവയ്പിച്ചിരുന്നെങ്കിലും ശനിയാഴ്ച പകലും രാത്രിയിലും കുന്നിടിച്ച് മണ്ണെടുക്കുന്നത് നിർബാധം തുടർന്നു. എട്ട് മാസമായി പുനലൂർ താലൂക്കിലെ വിവിധ ഭാഗങ്ങളിൽ കുന്നിടിച്ച് മണ്ണെടുത്ത് അത് ഉപയോഗിച്ച് നിലംനികത്തുന്നത് വ്യാപകമായിരിക്കുകയാണ്.
കഴിഞ്ഞമാസം വാളക്കോട് വില്ലേജ് പരിധിലെ ഐക്കരക്കോണം റോഡിന് സമീപത്തെ ചതുപ്പ് നിലം മണ്ണിട്ട് നികത്താൻ ശ്രമം നടന്നിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് റവന്യു ഉദ്യോഗസ്ഥരെത്തി നിലം നികത്തൽ നിറുത്തി വയ്പിക്കുകയായിരുന്നു. അടുത്തമാസം ഒന്നിന് പുനലൂരിൽ പുതിയ ആർ.ഡി ഒാഫീസിന്റെ പ്രവർത്തനം ആരംഭിക്കുന്നത് മുന്നിൽക്കണ്ടാണ് മണ്ണ് മാഫിയാ സംഘങ്ങൾ കുന്നുകൾ ഇടിച്ച് നിരത്തുന്നത്. ഇതിന് ചില ഉദ്യോഗസ്ഥരുടെ മൗനാനുവാദം ഉണ്ടെന്നും ആക്ഷേപമുണ്ട്. എന്നാൽ വെട്ടിപ്പുഴയിലെ കുന്നിടിക്കൽ ജില്ലാ കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് നിറുത്തിവയ്പിച്ചതായി പുനലൂർ തഹസിൽദാർ ജയൻ എം. ചെറിയാൻ അറിയിച്ചു. വാളക്കോട്ട് കുന്നിടിച്ച് മണ്ണെടുക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ വില്ലേജ് ഓഫീസറോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.