കൊല്ലം: പട്ടികജാതി വിഭാഗത്തിലെ 460 വനിതകൾക്ക് ജില്ലാ പഞ്ചായത്ത് ക്ലോത്ത് ബാഗ് നിർമ്മാണത്തിൽ പരിശീലനവും തൊഴിൽ ചെയ്യാൻ മെഷീനും നൽകുമെന്ന് പ്രസിഡന്റ് സി. രാധാമണി പറഞ്ഞു. വാനിറ്റി, ഓഫീസ്, ഷോപ്പിംഗ് ബാഗുകൾ, പുസ്തക സഞ്ചി, മൊബൈൽ കവർ തുടങ്ങി വിവിധ ഇനം ബാഗുകളുടെ നിർമ്മാണത്തിലാണ് പരിശീലനം നൽകുന്നത്. പ്രോജക്ടിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിൽ വിളിച്ചു ചേർത്ത ഗ്രൂപ്പുകളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
പത്ത് പേരടങ്ങുന്ന 46 ഗ്രൂപ്പുകൾക്കാണ് ആനുകൂല്യം നൽകുന്നത്. 52 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. 82,500 രൂപയുടെ ആനുകൂല്യം ഓരോ ഗ്രൂപ്പിനും ലഭിക്കും. ഇതിൽ 70,125 രൂപ സബ്‌സിഡിയും 12,375 രൂപ ഗുണഭോക്തൃ വിഹിതവുമാണ്. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ ആഷാ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. ജൂലിയറ്റ് നെൽസൺ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. ജയപ്രകാശ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ഷേർളി സത്യദേവൻ, സരോജിനി ബാബു, ജില്ലാ പട്ടികജാതി വികസന ഓഫീസർ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി കെ. പ്രസാദ് സ്വാഗതം പറഞ്ഞു.