സംസ്ഥാന കായികമേളയിൽ മൂന്ന് സ്വർണം
സുവർണ താരമായി സ്നേഹ ജേക്കബ്
കൊല്ലം: സംസ്ഥാന സ്കൂൾ കായികമേളയിൽ ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റ് കൊല്ലം സായി. ശീലമായി മാറിയ നാണം കെട്ട് മടക്കങ്ങൾക്കൊടുവിൽ മൂന്ന് സ്വർണവും മൂന്ന് വെങ്കലവുമാണ് ഇത്തവണ നേടിയത്. അഞ്ച് വർഷം മുമ്പാണ് ഏറ്റവും ഒടുവിൽ സ്വർണം ലഭിച്ചത്. കഴിഞ്ഞതവണ ഒരു വെങ്കലം മാത്രമാണ് ലഭിച്ചത്.
ട്രിപ്പിൾ സ്വർണം നേടി മേളയിലെ താരമായി മാറിയ ഏഴാം ക്ലാസുകാരി സ്നേഹ ജേക്കബിനാണ് സായിയുടെ ഉയർത്തെഴുന്നേൽപ്പിന്റെ ക്രെഡിറ്റ്. സബ് ജൂനിയർ വിഭാഗം പെൺകുട്ടികളുടെ നൂറു മീറ്റർ ഓട്ടം, ലോംഗ് ജമ്പ് എന്നിവയിലാണ് സ്നേഹ വ്യക്തിഗത സ്വർണം നേടിയത്. 4X100 മീറ്റർ റിലേയിൽ ജില്ലയ്ക്ക് സ്വർണം സമ്മാനിച്ചതും സ്നേഹയാണ്. അവസാന ലാപ്പുകാരിയായിരുന്ന സ്നേഹയുടെ കൈയിൽ ബാറ്റൺ ലഭിക്കുമ്പോൾ കൊല്ലം ടീം പിന്നിലായിരുന്നു. നൂറ് മീറ്ററിനുള്ളിൽ എതിരാളികളെ പിന്നിലാക്കിയാണ് സ്നേഹ കൊല്ലത്തിന് റിലേയിൽ സ്വർണം സമ്മാനിച്ചത്. മുണ്ടയ്ക്കൽ പി.എം.എൻ.എം യു.പി.എസ് വിദ്യാർത്ഥിനിയാണ് കട്ടപ്പന സ്വദേശിനി സ്നേഹ. സായിയിലെ അലീന രാജും റിലേ ടീമിൽ അംഗമായിരുന്നു.
ജൂനിയർ പെൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസ്, നൂറ് മീറ്റർ ഹർഡിൽസ് എന്നിവയിൽ സായിയിലെ നയന ജോസ് വെങ്കലം സ്വന്തമാക്കി. ഇവിടത്തെ അശ്വതി, ടെനി ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് സീനിയർ പെൺകുട്ടികളുടെ 4X 100 മീറ്രർ റിലേയിൽ കൊല്ലത്തിന് വെങ്കലം സമ്മാനിച്ചത്.
ഇത്തവണത്തെ കായികമേള ലക്ഷ്യമിട്ട് സായിയിലെ താരങ്ങൾക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നു. ഒളിമ്പ്യൻ അനിൽകുമാർ, പ്രമുഖ അത്‌ലറ്റിക് കോച്ച് വിക്ടർ ലിയോ ഫെർണാണ്ടസ്, സായി സെന്റർ ഇൻ ചാർജ് രാജീവ് തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. അടുത്ത മേളയിൽ ഇരട്ടി സ്വർണം ലക്ഷ്യമിട്ടുള്ള പരിശീലനം ഉടൻ ആരംഭിക്കുമെന്ന് രാജീവ് തോമസ് പറഞ്ഞു.