malinyam
അജൈവ മാലിന്യം ശേഖരിക്കുന്നതിന് കളക്ടറേറ്റിൽ സജ്ജീകരിച്ച സംവിധാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ കളക്ടർ ഡോ. എസ്. കാർത്തികേയൻ, ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ ജി. സുധാകരൻ, അസിസ്റ്റന്റ് കോ ഓർഡിനേറ്റർ യു.ആർ. ഗോപകുമാർ തുടങ്ങിയവർ സമീപം

കൊല്ലം: ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളിലും ജൈവ, അജൈവ മാലിന്യങ്ങൾ ശേഖരിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്താൻ തീരുമാനം. കളക്‌ടറേറ്റിൽ ശുചിത്വമിഷന്റെ ആഭിമുഖ്യത്തിൽ ചേർന്ന യോഗത്തിൽ ഇതുസംബന്ധിച്ച് ജില്ലാതല വകുപ്പ് മേധാവികൾക്ക് നിർദ്ദേശം നൽകി.
സർക്കാർ ഉദ്യോഗസ്ഥർ മാലിന്യസംസ്‌കരണത്തിൽ പൊതുജനങ്ങൾക്ക് മാതൃകയാകണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി പറഞ്ഞു. ജില്ലാ കളക്ടർ ഡോ. എസ്. കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു.
ജൈവമാലിന്യം ഉറവിടത്തിൽ തന്നെ സംസ്‌കരിക്കാനും അജൈവ മാലിന്യങ്ങൾ മാനദണ്ഡങ്ങൾ പാലിച്ച് കൈമാറ്റം ചെയ്യാനും യോഗം തീരുമാനിച്ചു. നവംബർ ഒന്നു മുതൽ ഹരിതചട്ട പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും.

2017 നവംബർ ഒന്നുമുതൽ കളക്‌ടറേറ്റ് ഹരിത ചട്ടം പാലിച്ചാണ് പ്രവർത്തിക്കുന്നത്. മറ്റ് ഓഫീസുകൾ ഇതേ മാതൃകയിൽ പ്രവർത്തിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് പരിശീലനവും നൽകിയിരുന്നു.

അജൈവമാലിന്യങ്ങൾ തരംതിരിച്ച് സൂക്ഷിക്കുന്നതിന് പൊതുമരാമത്ത് കെട്ടിട വിഭാഗം 2.32 ലക്ഷം രൂപ ചെലവിൽ കളക്‌ടറേറ്റിൽ സജ്ജീകരിച്ച സംവിധാനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ ജി. സുധാകരൻ, അസിസ്റ്റന്റ് കോ ഓർഡിനേറ്റർ യു.ആർ. ഗോപകുമാർ, വിവിധ വകുപ്പുകളിലെ ജില്ലാതല മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.