pakalveedu
കുണ്ടറ നാന്തിരിക്കൽ പകൽവീട്ടിലെ ഇപ്പോഴത്തെ അംഗങ്ങൾ

അഞ്ചാലുംമൂട്: ഒടുവിൽ കുണ്ടറ നാന്തിരിക്കലിലെ പകൽവീട് ഉണർന്നു, പെരിനാട് ഗ്രാമപഞ്ചായത്താണ് നാന്തിരിക്കലിൽ കുണ്ടറ വിളംബര സ്മാരക മ്യൂസിയത്തിന്റെ മുകൾ ഭാഗത്തായി 'ഇടം" എന്ന പേരിൽ പകൽവീട് ഒരുക്കിയത്.
മാർച്ച് 10ന് മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തെങ്കിലും പ്രവർത്തനം തുടങ്ങിയിരുന്നില്ല. ഇതേക്കുറിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് പഞ്ചായത്ത് രണ്ട് ലക്ഷം രൂപ അനുവദിച്ച് പകൽവീട്ടിൽ ശൗചാലയങ്ങൾ നിർമ്മിച്ചു. പൈപ്പ് ലൈൻ വഴി വെള്ളവും എത്തിച്ചു. ആവശ്യമായ കസേരകളും വാങ്ങി നൽകി. തുടർന്ന് ഈ മാസം 1ന് വീണ്ടും ഉദ്ഘാടനം നടത്തിയെങ്കിലും പ്രവർത്തനം തുടങ്ങിയില്ല. 'ഉദ്ഘാടനം രണ്ട് നടന്നിട്ടും നാന്തിരിക്കലിലെ പകൽ വീട് ഉറക്കത്തിൽ" എന്ന തലക്കെട്ടിൽ 24ന് കേരളകൗമുദി വീണ്ടും വാർത്ത പ്രസിദ്ധീകരിച്ചു. തുടർന്ന് പഞ്ചായത്ത് അടിയന്തരമായി ഇടപെടുകയായിരുന്നു.
ചെറുമൂട് സ്വദേശി തങ്കമണിഅമ്മ, വെള്ളിമൺ ഗോമതി, നാന്തിരിക്കൽ സ്വദേശികളായ ഗ്രേസി, ലക്ഷ്മി, സുരേഷ് എന്നിവരാണ് ഇപ്പോൾ പകൽവീട്ടിലെ അംഗങ്ങൾ. ഒരു വാർഡിൽ നിന്ന് ഒരാളെന്ന കണക്കിൽ 16 പേരും നാന്തിരിക്കൽ പ്രദേശത്ത് നിന്ന് മറ്റ് നാലുപേരും ഉൾപ്പെടെ 20 പേരെയാണ് പകൽവീട്ടിൽ അംഗങ്ങളാക്കാൻ തീരുമാനിച്ചിട്ടുള്ളത്. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് പകൽവീടിന്റെ പ്രവർത്തനം.
ഒരു കെയർടേക്കറെയും ഇവിടെ നിയമിച്ചിട്ടുണ്ട്. അംഗങ്ങൾക്ക് പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും വൈകിട്ട് ചായയും ലഘുഭക്ഷണവും ഇവിടെ നിന്ന് നൽകും. ടെലിവിഷൻ വാങ്ങിയിട്ടുണ്ടെങ്കിലും പ്രവർത്തിപ്പിച്ച് തുടങ്ങിയിട്ടില്ല. ഇത് ഉടൻ പ്രവർത്തിപ്പിക്കുമെന്ന് പ്രസിഡന്റ് എൽ. അനിൽ അറിയിച്ചു.

വാഹനമില്ല

പകൽ വീട്ടിലേക്ക് ആളുകളെ കൊണ്ടുവരാൻ വാഹന സൗകര്യം ആയിട്ടില്ല. മാർച്ച് കഴിഞ്ഞാൽ മാത്രമേ വാഹനം വാങ്ങുന്നതിനെ കുറിച്ച് തീരുമാനമെടുക്കാൻ കഴിയൂ. വാടക വാഹനം ഏർപ്പെടുത്താനും ആലോചനയുണ്ട്. വീടുകളിൽ ഒറ്റപ്പെട്ടുപോയ 60 കഴിഞ്ഞവരെയാണ് പകൽവീട്ടിൽ ഉൾപ്പെടുത്തുക.