കൊല്ലം: സ്ത്രീ പ്രവേശനത്തിനെതിരെ അയ്യപ്പഭക്തർ നടത്തിയ സമരങ്ങളെ അടിച്ചമർത്തി സർക്കാർ ശബരിമലയെ കലാപഭൂമിയാക്കാൻ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് എം.എസ്.കുമാർ പറഞ്ഞു. പാർട്ടി പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്നതിനെതിരെ ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കമ്മിഷണർ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കള്ളക്കേസുകളിലൂടെ ബി.ജെ.പിയെ തകർക്കാനാകില്ല. അവസാന പ്രവർത്തകന് ജീവനുള്ളത് വരെ ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടം തുടരും. മറ്റ് കേസുകളിലൊന്നും കാണിക്കാത്ത ആവേശമാണ് സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ സർക്കാർ കാണിക്കുന്നത്. സർക്കാർ എത്ര പരിശ്രമിച്ചാലും സി.പി.എം നേതാക്കളുടെ കുടുംബങ്ങളിലെ സ്ത്രീകൾ പോലും ആചാരത്തിന് വിരുദ്ധമായി ശബരിമലയിലേക്ക് പോകില്ലെന്ന് എം.എസ്.കുമാർ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. ജി. ഗോപകുമാർ, നെടുമ്പന ഓമനക്കുട്ടൻ, സുജിത്ത് സുകുമാരൻ, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീനാഗേഷ്, ശശികല റാവു, മണ്ഡലം ഭാരവാഹിളായ ശൈലേന്ദ്രബാബു, എ.ജെ. ശ്രീകുമാർ, ലിജു, കൊട്ടാരക്കര വിജയൻ, ഉമേഷ്, ശിവൻ, സോമൻ, കരുനാഗപ്പള്ളി വിജയൻ, സുനിൽ തുടങ്ങിയവർ സംസാരിച്ചു. ചിന്നക്കടയിൽ നിന്ന് പ്രകടനമായാണ് പ്രവർത്തകർ കമ്മിഷണർ ഓഫീസിന് സമീപമെത്തിയത്.