tkm
പ്രളയബാധിതരെ സഹായിക്കാനുള്ള സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് കൊല്ലം ടി.കെ.എം എൻജിനിയറിംഗ് കോളേജിൽ ചേർന്ന അവലോകനയോഗം മന്ത്രി ജെ. മേഴ്സിക്കട്ടിഅമ്മ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ കളക്ടർ ഡോ. എസ്. കാർത്തികേയൻ, ടി.കെ.എം ട്രസ്റ്റ് ചെയർമാൻ ഡോ. ഷഹാൽ ഹസ്സൻ മുസലിയാർ, ട്രഷറർ ജലാലുദ്ദീൻ മുസലിയാർ തുടങ്ങിയവർ സമീപം

കൊല്ലം: പ്രളയബാധിതരെ സഹായിക്കാൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച സാലറി ചലഞ്ചിൽ കൊല്ലം ടി.കെ.എം ട്രസ്റ്റിന്റെ അധീനതയിലുള്ള മൂന്ന് എയ്ഡഡ് വിദ്യാലയങ്ങളുടെയും പിന്തുണ. ഇതുവഴി 3 കോടിയോളം രുപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തുക. എയ്ഡഡ് വിദ്യാലയങ്ങളിലെ ജീവനക്കാർ സാലറി ചലഞ്ചിനോട് മുഖം തിരിക്കുന്നുവെന്ന വർത്തകൾക്കിടയിലാണ് ടി.കെ.എം. സ്ഥാപനങ്ങളുടെ വേറിട്ട തീരുമാനം.

ടി.കെ.എം ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ എഴുപതോളം ജീവനക്കാരിൽ എല്ലാവരും സാറി ചലഞ്ചിൽ പങ്കെടുക്കും. 59 ജീവനക്കാരുള്ള ടി.കെ.എം. ഹയർ സെക്കൻഡറി സ്‌കൂളിലെ ജീവനക്കാരുടെ പങ്കാളിത്തം 95 ശതമാനമാണ്. 162 അദ്ധ്യാപകരും 151 അനദ്ധ്യാപകരുമുള്ള ടി.കെ.എം. എൻജിനിയറിംഗ് കോളേജിൽ 93 ശതമാനം ജീവനക്കാർ പങ്കാളികളാണ്.
ഇതുമായി ബന്ധപ്പെട്ട് കോളേജിൽ ചേർന്ന അവലോകനയോഗം മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ ഡോ. എസ്. കാർത്തികേയൻ, ടി.കെ.എം. ട്രസ്റ്റ് ചെയർമാൻ ഡോ. ഷഹാൽ ഹസ്സൻ മുസലിയാർ, ട്രഷറർ ജലാലുദ്ദീൻ മുസലിയാർ, ട്രസ്റ്റ് അംഗം സാദിഖ് എസ്. താഹ, പ്രിൻസിപ്പൽമാരായ ഡോ. എസ്. അയൂബ്, പ്രൊഫ. എസ്. ഷാജിത, എസ്. യഹിയ, അൻവർ മുഹമ്മദ് എന്നിവർ പങ്കെടുത്തു. ടി.കെ.എം. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റിലെ വിദ്യാർത്ഥികളുടെ സംഭാവന ഡയറക്ടർ ഡോ. ജയറാംനായർ മന്ത്രിക്ക് കൈമാറി.