road-taring
കൊല്ലം റെയിൽവേ സ്റ്റേഷൻ - കർബല റോഡിൽ കാർ പാർക്ക് ചെയ്തിരിക്കുന്ന സ്ഥലം ഒഴിവാക്കി ടാറിംഗ് നടത്തിയ നിലയിൽ

പൊലീസിന്റെ സഹായം ലഭിക്കുന്നില്ലെന്ന് ആക്ഷേപം

കൊല്ലം: മഴയിൽ തകർന്ന കൊല്ലം റെയിൽവേ സ്റ്റേഷൻ - കർബല റോഡ് ടാറിംഗിന് വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് വിനയാകുന്നു. റോഡ് വക്കിൽ കാറുകൾ പാർക്ക് ചെയ്ത ഭാഗം ഒഴിവാക്കിയാണ് ഇന്നലെ ടാറിംഗ് നടന്നത്. ഇന്നും വാഹനങ്ങൾ ഒഴിവായില്ലെങ്കിൽ റീ ടാറിംഗ് താത്കാലികമായി നിറുത്തിവയ്ക്കാനാണ് പൊതുമരാമത്ത് വകുപ്പിന്റെ ആലോചന.

മഴക്കാലത്തിന് മുൻപ് തന്നെ ഇവിടെ റീ ടാറിംഗിനുള്ള നടപടി തുടങ്ങിയതാണ്. പ്രളയമായതോടെ റോഡ് പൂർണമായും തകർന്നു. പ്രവൃത്തി പുനരാരംഭിക്കുന്നതിന് മുന്നോടിയായി റോഡ് വക്കിലെ മണ്ണ് നീക്കം ചെയ്ത് തുടങ്ങി. ഈ ഘട്ടത്തിൽ തന്നെ ഇവിടെ പാർക്കിംഗിന് നിയന്ത്രണം എർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് പൊലീസിന് കത്ത് നൽകിയെങ്കിലും പൊലീസിന്റെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടായില്ല. ട്രെയിൻ യാത്രക്കാരുടെ ഇരുചക്ര വാഹനങ്ങളും കാറുകളുമടക്കം നൂറ് കണക്കിന് വാഹനങ്ങളാണ് ഈ ഭാഗത്ത് റോഡിനിരുവശവും പതിവായി പാർക്ക് ചെയ്യുന്നത്.
ഇന്നലെ റീ ടാറിംഗ് ആരംഭിച്ചപ്പോൾ റോഡ് വക്കിലിരുന്ന ഇരുചക്ര വാഹനങ്ങൾ മറ്റിടങ്ങളിലേക്ക് മാറ്റി. കാറുകൾ നീക്കം ചെയ്യാൻ റിക്കവറി വാനുമായി പൊലീസെത്തിയെങ്കിലും കേടുപാട് സംഭവിക്കുമെന്ന് ഉറപ്പായതിനാൽ പിൻവാങ്ങി. പിന്നീട് ഉടമകളെ ഫോണിൽ ബന്ധപ്പെട്ട് കുറച്ച് വാഹനങ്ങൾ നീക്കി. ഇനിയും പത്തോളം കാറുകൾ പലയിടങ്ങളിലായി റീം ടാറിംഗിന് തടസമായി റോഡ് വക്കിൽ പാർക്ക് ചെയ്തിട്ടുണ്ട്. ഈ വാഹനങ്ങൾ ട്രെയിനിൽ ദീർഘയാത്രയ്ക്ക് പോയവരുടേതാകാമെന്നാണ് കരുതുന്നത്. ഉടമകളെത്തിയില്ലെങ്കിൽ ഇന്ന് റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യാനും ട്രാഫിക് എൻഫോഴ്സ്‌മെ‌ന്റ് യൂണിറ്റിന് ആലോചനയുണ്ട്.