കൊല്ലം: തിരിച്ചറിയാനാകാത്തവിധം സ്വർണ്ണാഭരണങ്ങൾ മുക്കുപണ്ടങ്ങളിൽ തീർത്ത് 916 ഹാൾമാർക്ക് ചെയ്ത് മാറ്റിയെടുക്കാനും വിൽക്കാനും ശ്രമിക്കുന്ന സംഘങ്ങൾ സംസ്ഥാനത്ത് വ്യാപകമായി തമ്പടിച്ചിട്ടുള്ളതിനാൽ സ്വർണവ്യാപാരികൾ ജാഗ്രത പാലിക്കണമെന്ന് ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ. എസ്.അബ്ദുൽ നാസർ നിർദ്ദേശിച്ചു. ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി യോഗം ഉദ്ഘടാനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത്തരം സംഘങ്ങൾ സ്ത്രീകളെയാണ് മറയാക്കുന്നത്. പിടിക്കപ്പെടുന്ന കേസുകളിൽ ജാമ്യം അനുവദിക്കുന്ന തരത്തിൽ കേസ് എടുക്കുന്നത് ഒഴിവാക്കണം. കേന്ദ്ര സർക്കാരിന്റെ ഗുണമേന്മാ മുദ്രകൾ പോലും വ്യാജമായി ഉപയോഗിക്കുന്നത് തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി ബി. പ്രേമാനന്ദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ നവാസ് പുത്തൻവീട്, എസ്. പളനി, ജില്ലാ ഭാരവാഹികളായ നാസർ പോച്ചയിൽ, വിജയകൃഷ്ണ വിജയൻ, സാബു പവിത്രം,എസ്. സാദിഖ്, ഖലീൽ കുരുമ്പേലിൽ, കെ. രംഗനാഥ്, പ്രദീപ് ഓച്ചിറ, ശിവദാസൻ സോളാർ, വിജയൻ പുനലൂർ, ബോബി റോസ്, ബിജു ഗ്രേസ്, നൗഷാദ് പണിക്കശ്ശേരി, അബ്ദുൽ മുത്തലീഫ് ചിന്നൂസ് , ലിജോ ജോയ്‌സ് എന്നിവർ പ്രസംഗിച്ചു.