കുന്നത്തൂർ: അർബുദരോഗബാധിതയായി വെന്റിലേറ്ററിൽ കഴിയുന്ന ഉമ്മയെ കാണാൻ പി.ഡി.പി ചെയർമാൻ അബ്‌ദുൾ നാസർ മഅദ്നി എത്തി. ഇന്നലെ രാവിലെ 10.30 ഓടെ ഇൻഡിഗോ വിമാനത്തിൽ തിരുവനന്തപുരം എയർപോർട്ടിലെത്തിയ മഅ്ദനി പൊലീസ് അകമ്പടിയോടെ നേരെ ശാസ്‌താംകോട്ട പത്മാവതി ആശുപത്രിയിലെത്തി ഉമ്മയെ കണ്ടു. ശേഷം അൻവാർശേരിയിലേക്ക് പോയി പിതാവിനെ സന്ദർശിച്ചു. തിരികെ ആശുപത്രിയിലെത്തി രാത്രി വൈകുംവരെ ഉമ്മയ്ക്കൊപ്പം നിന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ശനിയാഴ്‌ച രാത്രിയാണ് അവരെ ആശുപത്രിയിലാക്കിയത്.
മഅ്ദനിയോടൊപ്പം ഭാര്യ സൂഫിയ, മകൻ സലാഹുദ്ദീൻ അയ്യൂബി, പി.ഡി.പി സംസ്ഥാന ജനറൽസെക്രട്ടറി മുഹമ്മദ് റജീബ്, സഹായികൾ എന്നിവരുണ്ടായിരുന്നു.
ബംഗളൂരു എൻ.ഐ.എ കോടതി നവംബർ 4 വരെയാണ് മഅ്ദനിയെ കേരളത്തിൽ തങ്ങാൻ അനുവദിച്ചിട്ടുള്ളത്. പരസ്യ പ്രതികരണം വിലക്കിയതിൽ പ്രതിഷേധിച്ച് വായ് മൂടിക്കെട്ടിയാണ് പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിച്ചത്.