പത്തനാപുരം: പന്ത്രണ്ട് വയസുകാരിയേയും മൂന്ന് വയസുകാരനേയും ക്രൂരമായി മർദ്ദിച്ച രണ്ടാനമ്മയും അച്ഛനും അറസ്റ്റിൽ.പുന്നല കരിമ്പാലൂർ ആർഷഭവനിൽ ഷിബു (42), ശ്രീലത (38) എന്നിവരാണ് പത്തനാപുരം പൊലീസിന്റെ പിടിയിലായത്. പുനലൂർ കോടതിയിൽ ഹാജരാക്കിയ ഇവരെ ജാമ്യത്തിൽ വിട്ടു.ശരീരമാസകലം മുറുവുകളോടെ കുട്ടികൾ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് .മൂന്ന് വർഷം മുമ്പ് ഇളയകുട്ടിയെ പ്രസവിച്ച് എട്ടാംദിവസം ഷിബുവിന്റെ ആദ്യ ഭാര്യ അജിത മരിച്ചു. തുടർന്ന് ശ്രീലതയുമായി അടുപ്പത്തിലായ ഷിബു അവരുമായി ഒരുമിച്ചു ജീവിക്കാൻ തുടങ്ങി. പ്രവാസിയായ ഭർത്താവിനെ ഉപേക്ഷിച്ചാണ് ശ്രീലത ഷിബുവിനൊപ്പം പോയത്. ഇവർ കുട്ടികളെ മർദ്ദിക്കുന്നതും പാചകം ഉൾപ്പെടെയുള്ള വീട്ടുജോലികൾ ചെയ്യിക്കുന്നതും പതിവായിരുന്നതായി അയൽവാസികൾ പറയുന്നു. മൂന്ന് വയസുകാരനായ ഇളയകുട്ടി കട്ടിലിൽ മൂത്രമൊഴിച്ചതിനും മർദ്ദിച്ചു. ആറാം ക്ലാസുകാരിയായ മൂത്തകുട്ടിയുടെ ദേഹമാസകലം അടിച്ചതിന്റെയും ചട്ടുകം കൊണ്ട് പൊള്ളിച്ചതിന്റെയും നിരവധി പാടുകളുണ്ട്. പിതാവ് ഷിബു കഴിഞ്ഞദിവസം വിറക് കൊള്ളികൊണ്ട് പെൺകുട്ടിയെ അടിക്കുന്നത് നാട്ടുകാർ കണ്ടിരുന്നു .
കുട്ടുകളോടുള്ള ക്രൂരത അയൽവാസികൾ ഇവരുടെ അമ്മൂമ്മ ലളിതയെ അറിയിക്കുകയും അവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ മൊഴിരേഖപ്പെടുത്തിയ ശേഷം പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. അച്ഛനും രണ്ടാനമ്മയും ക്രൂരമായി ഉപദ്രവിക്കുന്ന വിവരം ക്ലാസ് ടീച്ചറെ അറിയിച്ചെങ്കിലുംഅവർ ചെവിക്കൊണ്ടില്ലെന്നും ആക്ഷേപമുണ്ട് .ആദ്യ ഭർത്താവിന്റെ വസ്തു വകകൾ അഅനധികൃതമായി കൈവശപ്പെടുത്തിയതിന്റെ പേരിൽ ശ്രീലതയ്ക്കെതിരെ പൊലീസിൽ പരാതിയുണ്ട്. ഗൾഫിൽ ജോലിയുള്ള ഷിബു ഇന്നലെ തിരിച്ച് പോകാനിരിക്കെയാണ് അറസ്റ്റ്.
സർക്കിൾ ഇൻസ്പെക്ടർ എം. അൻവർ, എസ്.ഐമാരായ പുഷ്പകുമാർ, എസ്.ഐ ജോസഫ് ലിയോൺ എന്നിവരുടെ നേത്യത്വത്തിലുളള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത്. സംഭവത്തിൽ ബാലവകാശ കമ്മിഷനും കേസെടുത്തു.