മയ്യനാട്: കൊല്ലം നഗരത്തിന് ഏറെ പ്രയോജനപ്രദമായ പദ്ധതികളുടെ മാതൃകകളുമായി കുട്ടികൾ. വാളത്തുംഗൽ സ്കൂളിൽ നടന്ന കൊല്ലം ഉപജില്ലാ ഗണിതശാസ്ത്രോത്സവത്തിലാണ് കുട്ടികൾ വിവിധ പദ്ധതികളുടെ മാതൃകകളുമായെത്തിയത്. കൊല്ലം നഗരത്തിൽ നിന്ന് വാഹനങ്ങൾക്ക് എളുപ്പത്തിൽ പരവൂരിൽ എത്താവുന്ന ഒരു പദ്ധതിയാണ് ഇരവിപുരം സെന്റ് ജോൺസ് സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ചത്. നിലവിലെ ടി.എസ് കനാലിന് മുകളിലൂടെ പാലം നിർമിച്ചാൽ പതിനഞ്ചു മിനിറ്റുകൊണ്ട് പരവൂരിൽ എത്താൻ കഴിയുമെന്നും കിലോമീറ്ററുകൾ ലാഭിക്കാൻ കഴിയുമെന്നും പദ്ധതി അവതരിപ്പിച്ച വിദ്യാർത്ഥികൾ പറയുന്നു. കായലിന്റെ ഭംഗി ആസ്വദിക്കാനെത്തുന്നവിദേശികൾക്ക് ഈ റോഡ് ഏറെ ഉപകാരപ്രദമാകുമെന്നാണ് ഇവർ പറയുന്നത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ആദിനും പത്താം ക്ലാസ് വിദ്യാർത്ഥിയായ സെയിൻ ആരിഫും ചേർന്ന് അദ്ധ്യാപകനായ എഡ്വേഡിന്റെ മേൽനോട്ടത്തിലാണ് പദ്ധതി തയ്യാറാക്കി അവതരിപ്പിച്ചത്.
കൊല്ലം ബൈപ്പാസ് റോഡ് ഉദ്ഘാടനം ചെയ്യുന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാകാനിടയുള്ള കല്ലുംതാഴത്ത് സിഗ്നൽ രഹിത മാതൃകാ ബ്രിഡ്ജിന്റെ മാതൃകയാണ് വാളത്തുംഗൽ ഗേൾസ് സ്കൂളിലെ ആദ്യയും അധിഷ്ഠയും ചേർന്ന് അവതരിപ്പിച്ചത്. ഇത്തരത്തിലൊരു മേൽപ്പാലം നിർമിച്ചാൽ ഗതാഗതക്കുരുക്കും, അപകടങ്ങളും ഒഴിവാക്കാൻ കഴിയുന്നതോടൊപ്പം സുരക്ഷിതമായ കാൽനടയാത്രയും അന്തരീക്ഷ മലിനീകരണവും ഒഴിവാക്കാൻ കഴിയുമെന്ന് ഇവർ പറയുന്നു. എ.ടി.എം വഴി വോട്ട് ചെയ്യാൻ കഴിയുന്ന രീതിയുടെ മാതൃകയും സ്പീഡ് ബ്രേക്കറിൽ നിന്ന് വൈദ്യുതി ഉൽപ്പാദിക്കാവുന്ന പ്രോജകറ്റും മെഡിക്കൽ ഹെലി ക്യാം തുടങ്ങി ഒട്ടേറെ നൂതനമായ പദ്ധതികളും തൽസമയ നിർമ്മാണങ്ങളും ഗണിത ശാസ്ത്രോത്സവത്തിലുണ്ടായിരുന്നു.