കൊട്ടിയം: കിണർ തൊഴിലാളി കിളികൊല്ലൂർ കന്നിമേൽ പ്ലാവിലഴികത്ത് തൊടിയിൽ നിസാമുദ്ദീൻ (35) കടന്നൽ കുത്തേറ്റ് മരിച്ചു. കണ്ണനല്ലൂർ വടക്കേ മൈലക്കാട് ബൈജുവിന്റെ പുരയിടത്തിലെ പ്ലാവിൽ കണ്ടെത്തിയ കൂറ്റൻ കടന്നൽക്കൂട് നശിപ്പിക്കാൻ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ കൈയിൽ പെട്രോൾ നിറച്ച കന്നാസ്, ചാക്ക്, വടി എന്നിവയുമായി കയറിയ നിസാമുദ്ദീൻ കൂട് നശിപ്പിക്കാനുള്ള ഒരുക്കത്തിനിടയിൽ കൈവശമുണ്ടായിരുന്ന വടി അബദ്ധത്തിൽ കൂട്ടിൽ തട്ടുകയും കടന്നൽ കൂട്ടത്തോടെ ഇളകി നിസാമുദ്ദീന്റെ ദേഹമാസകലം പൊതിയുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റ് തൊഴിലാളികളായ സലിം, ആൽഫ്രഡ്, ഗോപി ആചാരി, ആന്റണി ജോർജ് എന്നിവർക്കും കടന്നൽ കുത്തേറ്റു. മരത്തിൽ നിന്ന് ഒരുവിധം താഴെയിറങ്ങിയ നിസാമുദ്ദീനെ ഉടൻ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിൽസയിൽ കഴിയവേ രാത്രി ഡോക്ടറുടെ അനുവാദമില്ലാതെ ആശുപത്രിവിട്ട നിസാമുദ്ദീൻ സുഹൃത്തായ ആന്റണി ജോർജിന്റെ വീട്ടിലെത്തി അവിടെ സമയം ചെലവഴിച്ചു. ഈ സമയം ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ: നാസില. മക്കൾ: അൻസിൽ, അസ്ന. സംസ്കാരം ഇന്ന്. കൊട്ടിയം പൊലീസ് കേസെടുത്തു.