vayii-polchu

പുതുക്കാട്: പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വിധവയുടെ വീട്ടിലേക്കുള്ള ബണ്ട് റോഡ് പൊളിച്ചു മാറ്റിയതായി ആക്ഷേപം. പുതുക്കാട് പഞ്ചായത്തിലെ ഒന്നാം വാർഡിലൂടെ കിഴക്ക് പടിഞ്ഞാറായി പോകുന്ന പീച്ചി കനാലിന് കുറുകെ ഇറിഗേഷൻ വകുപ്പിന്റെ അനുമതിയോടെ 40 വർഷം മുമ്പ് നിർമ്മിച്ച ബണ്ടാണ് ഇപ്പോൾ പൊളിച്ചുനീക്കിയത്.

വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനായി താഴെ വലിയ ഓവുകൾ സ്ഥാപിച്ചായിരുന്നു കനാലിന് കുറുകെയുള്ള ബണ്ട് നിർമ്മിച്ചത്. കോൺഗ്രസിന്റെ സജീവ പ്രവർത്തകനും മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ അടുത്ത സുഹൃത്തുമായിരുന്ന പരേതനായ ഊട്ടോളി നാരായണനാണ് തന്റെ വീട്ടിലേക്ക് കടക്കാൻ 40 വർഷം മുമ്പ് ബണ്ട് നിർമ്മിച്ചത്. നാരായണന്റെ മകന്റെ ഭാര്യ മാത്രമാണ് ഇപ്പോൾ ഇവിടെ താമസിക്കുന്നത്. പീച്ചി കനാലിന്റെ കേളിപാടത്തു കൂടെയുള്ള മിക്കവാറും സ്ഥലവും കൈയേറി വീടുകൾ നിർമ്മിച്ചതിനാൽ പലയിടത്തും കനാൽ തന്നെ ഇപ്പോൾ ഇല്ലാത്ത സ്ഥിതിയാണ്.

നെന്മണിക്കര പഞ്ചായത്തിലെ പാലക്കടവിനടുത്താണ് കനാൽ കുറുമാലി പുഴയിൽ ചേരുന്നത്. വേനലിൽ കുറുമാലി പുഴയിൽ നിന്നും കനാൽ വഴി വെള്ളം കൊണ്ടുവന്ന് പാലിയം പാടത്തെ തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കാൻ ഉപയോഗപ്പെടുത്താവുന്നതാണ്. ആദ്യകാലത്ത് ആറാട്ടുപുഴ പൂരത്തിന് പങ്കെടുക്കുന്ന കിഴക്കൻ മേഖലയിലെ ശാസ്താക്കളുടെ പൂരം ആറാട്ടുപുഴയ്ക്ക് പോയിരുന്നത് കനാൽ ബണ്ട് വഴിയായിരുന്നു.

ആറു മീറ്റർ വീതിയിൽ കനാലും ഇരുവശത്തും അതിലേറെ വീതിയിലുള്ള ബണ്ടും ഉള്ളതാണ് കനാൽ. പീച്ചി ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായാണ് പാലിയം പാടത്തിനു നടുവിലൂടെ ഭൂമി അക്വയർ ചെയ്ത സ്ഥലത്ത് കനാൽ നിർമ്മിച്ചത്. കനാൽ ബണ്ട് കൈയേറി വീട് നിർമ്മിച്ചവർക്ക് പട്ടയം ലഭ്യമാക്കാൻ ശ്രമിക്കുന്ന അധികൃതർ കൈയേറ്റം ഒഴിപ്പിച്ച് കനാലും ബണ്ടും പുനർനിർമ്മിക്കുകയാണ് വേണ്ടതെന്നും, വിധവയുടെ വീട്ടിലേക്കുള്ള വഴി ഇല്ലാതാക്കുകയല്ല വേണ്ടതെന്നും കർഷകർ പറഞ്ഞു.