shanmugha-samajam

തൃപ്രയാർ: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണ പ്രവർത്തനത്തിൽ പങ്ക് ചേരുന്നതിന്റെ ഭാഗമായി തൃപ്രയാർ ശ്രീ ഷൺമുഖ സമാജം ഹനുമാൻ സ്വാമി ക്ഷേത്ര സമിതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്  ആറ് ലക്ഷം രൂപ നൽകി.  തൃപയാർ ശ്രീരാമസ്വാമി ക്ഷേത്രപരിസരത്ത് നടന്ന ചടങ്ങിൽ തദ്ദേശ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ ആറ് ലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ്  ഡോ. എം. കെ. സുദർശൻ അദ്ധ്യക്ഷത വഹിച്ചു.  ചക്കിങ്ങൽ ശങ്കരനാരായണന്റെ ഭാര്യ രാധ ടീച്ചറുടെ ഉടമസ്ഥതയിലുള്ള 10 സെന്റ് ഭൂമി  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറി. ഷൺമുഖസമാജം  നിർദ്ധന കുടുംബത്തിൽപ്പെട്ട 5 പേർക്ക് നൽകുന്ന തയ്യൽമെഷീൻ വിതരണവും  മന്ത്രി നിർവഹിച്ചു. ഷൺമുഖ സമാജം പ്രസിഡന്റ് രവി കൊളത്തേക്കാട്ട്, സെക്രട്ടറി വി. ശശിധരൻ, രക്ഷാധികാരി എ.പി സേതുമാധവ മേനോൻ, ഇ.സി പ്രദീപ്, കെ.വി വിജയൻ എന്നിവർ സംസാരിച്ചു.

തൃപ്രയാർ: പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് നാട്ടിക സർവ്വീസ് സഹകരണ ബാങ്ക് 7,35,645 രൂപ മന്ത്രി എ.സി മൊയ്തീന് നൽകി. ഒന്നാം ഘട്ടമായി ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപയും ഭരണസമിതി അംഗങ്ങളുടെ ഒരു മാസത്തെ സിറ്റിംഗ് ഫീസും ഓണറേറിയവും കൂടി 51,200 രൂപയും, സഹകരണ വകുപ്പിന്റെ കീഴിൽ വീടുകൾ നിർമ്മിച്ചുകൊടുക്കുന്നതിനായി 2,50,000 രൂപയും ജീവനക്കാരുടെ 28 ദിവസത്തെ ശമ്പളം 3,29,121 രൂപയും, അരിയും പലചരക്ക് സാധനങ്ങളും കൊടുക്കുന്നതിനായി 5,314 രൂപയും ഉൾപ്പെടെയാണ് ബാങ്ക് നൽകിയത്. ബാങ്ക് പ്രസിഡന്റ് മന്ത്രിക്ക് ചെക്ക് കൈമാറി.