കൊടുങ്ങല്ലൂർ: ശബരിമലയുമായി ബന്ധപ്പെട്ടുണ്ടായ സുപ്രീം കോടതി വിധിക്കെതിരെയുള്ള പ്രതിഷേധങ്ങളെ വിലമതിക്കാതെ, വിധി നടപ്പിലാക്കാൻ ശ്രമിക്കുന്ന സർക്കാർ നടപടിക്കെതിരെ വിവിധ ഇടങ്ങളിൽ അയ്യപ്പഭക്തരുടെ പ്രതിഷേധ പരിപാടികൾ നടന്നു. തിരുവഞ്ചിക്കുളം, ആല, പി. വെമ്പല്ലൂർ, മേത്തലപ്പാടം മേഖലകളിലാണ് നൂറുകണക്കിന് സ്ത്രീകൾ ഉൾപ്പെടെ ആയിരങ്ങൾ അണിനിരന്ന നാമജപ പ്രതിഷേധയാത്രകളും സായാഹ്ന ധർണ്ണയും നടന്നത്. തിരുവഞ്ചിക്കുളം ശ്രീധർമ്മശാസ്താ സേവാ സമാജത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു അവിടുത്തെ പ്രതിഷേധം നടന്നത്.
കീഴ്ത്തളി ശിവക്ഷേത്രത്തിൽ നിന്നും തുടങ്ങി ടി.കെ.എസ് പുരം വഴി ചേരമാൻ പള്ളി നടയിലൂടെ തിരുവഞ്ചിക്കുളം ക്ഷേത്രസന്നിധിയിൽ എത്തിയാണ് നാമജപ പ്രതിഷേധ യാത്ര സമാപിച്ചത്. എ.പി. വേണുഗോപാൽ മാസ്റ്റർ, ഡോ.ബിമൽ കൃഷ്ണ, ദിനിൽ മാധവ്, മധു വേണു, കെ.ഡി. വിക്രമാദിത്യൻ, രാജീവ് പടിഞ്ഞാറ്റിൽ, രാജീവൻ എന്നിവർ സംസാരിച്ചു.
ആല ശ്രീ ശങ്കരനാരായണ ക്ഷേത്രാങ്കണത്തിൽ ശ്രീനാരായണ ധർമ്മ പ്രകാശിനി യോഗത്തിന്റെയും ശ്രീ ശങ്കരി മാതൃസമിതിയുടെയും അയ്യപ്പ സേവാ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന സായാഹ്ന ധർണ്ണ ബി.ജെ .പി ജില്ലാ സെക്രട്ടറി അഡ്വ: ഉല്ലാസ് ബാബു ഉദ്ഘാടനം ചെയ്തു. സുബീഷ് ചെത്തിപ്പാടത്തിന്റെ അദ്ധ്യക്ഷതയിൽ സി.കെ നാരായണൻകുട്ടി ശാന്തി അനുഗ്രഹ പ്രഭാഷണം നടത്തി. എസ്.എൻ പുരം പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ഷിംജി അജിതൻ, വാർഡംഗം ലക്ഷ്മി മഞ്ജുലാൽ, ഇ.കെ ലാലപ്പൻ ശാന്തി, സജീഷ് പനങ്ങാട്ട്, സന്ധ്യ മധുസൂദനൻ, സ്വരൂപ് പുന്നത്തറ എന്നിവർ സംസാരിച്ചു.
പടിഞ്ഞാറെ വെമ്പല്ലൂർ അയ്യപ്പസേവാ സമിതിയുടെ ആഭിമുഖ്യത്തിൽ കോളനി പരിസരത്ത് നിന്നും ആരംഭിച്ച ആചാരസംരക്ഷണ നാമജപ യാത്രയിൽ വൻ ജനാവലി അണിചേർന്നു. വാഴൂർ ക്ഷേത്ര നടയിലാണ് ഇത് സമാപിച്ചത്. സദു ശാന്തി നെല്ലിപ്പറമ്പിൽ, സത്യൻ തോട്ടാരത്ത്, കണ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. മേത്തലപ്പാടത്ത് നിന്നും കേളേശ്വരത്തേക്കായിരുന്നു നാമജപയാത്ര നടന്നത്. നിധിൻ ഗോപൻ, പ്രവീൺ തുടങ്ങിയവർ നേതൃത്വം നൽകി.. . .