തൃശൂർ: ശക്തൻ നഗർ മത്സ്യമാർക്കറ്റിലെ പ്രശ്‌നങ്ങൾ ഉയർത്തി പൊതുചർച്ച ആവശ്യപ്പെട്ട് ബി.ജെ.പി കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ പ്രതിഷേധിച്ചു. മേയറുടെ ചുറ്റും നിന്ന് ആറ് ബി.ജെ.പി കൗൺസിലർമാർ മുദ്രാവാക്യം വിളിച്ചതോടെ യോഗം ബഹളത്തിൽ മുങ്ങി. ബഹളത്തിനിടയിലും എൽ.ഡി.എഫ്- കോൺഗ്രസ് അംഗങ്ങൾ അജൻഡയിൽ ചർച്ച തുടർന്നു.
പൊതുചർച്ച പ്രതിപക്ഷത്തിന്റെ പൊതു ആവശ്യമാണെങ്കിലും കോൺഗ്രസ് ആവശ്യം ഉന്നയിക്കാതെ നിശബ്ദത പാലിച്ചു. ബി.ജെ.പി നേതാവ് എം.എസ്. സമ്പൂർണ്ണയാണ് പൊതുചർച്ച ആവശ്യപ്പെട്ടത്. ആവശ്യം മേയർ നിരാകരിച്ചതിനെ തുടർന്നാണ് ബി.ജെ.പി കൗൺസിലർമാർ നടുത്തളത്തിലിറങ്ങി മേയറുടെ മുന്നിൽ നിന്ന് മുദ്രാവാക്യം വിളി ആരംഭിച്ചത്.
മത്സ്യമാർക്കറ്റ് ചീഞ്ഞുനാറുകയാണെന്നും ഗുണ്ടായിസമാണ് അവിടെ നടക്കുന്നതെന്നും കൗൺസിലർ കെ. മഹേഷ് ആരോപിച്ചു. ഹെൽത്ത് കമ്മിറ്റി തീരുമാനം നടപ്പാക്കുക, മത്സ്യമാർക്കറ്റിലെ ഗുണ്ടായിസം അവസാനിപ്പിക്കുക, അഴിമതിയിൽ മുങ്ങിയ ഭരണം നടത്തുന്ന മേയർ രാജിവയ്ക്കുക തുടങ്ങിയ മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം.
ബഹളത്തിനിടയിലും അജണ്ട ചർച്ച നടന്നു. എൽ.ഡി.എഫ്, കോൺഗ്രസ് കൗൺസിലറുമാരുടെ പ്രസംഗങ്ങൾ ബഹളത്തിൽ മുങ്ങിപ്പോയി. 11ന് യോഗം തുടങ്ങി 45 മിനിറ്റിനുശേഷം കോൺഗ്രസ് ഉപനേതാവ് ജോൺ ഡാനിയേൽ, കഴിഞ്ഞ ദിവസം മേയറുടെ ചേംബറിൽ കോൺഗ്രസ് കൗൺസിലർമാരോട് സി.പി.എം കൗൺസിലർ അനൂപ് ഡേവീസ് കാട അപമര്യാദയായി പെരുമാറിയതു സംബന്ധിച്ച് മേയർ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടു. മേയർ വിശദീകരണം നൽകുന്നതുവരെ മേയറുടെ പൊതു പരിപാടികൾ ബഹിഷ്‌കരിക്കുമെന്നും ജോൺ ഡാനിയേൽ വ്യക്തമാക്കി.
പിന്നീട് ബി.ജെ.പി കൗൺസിലർമാർ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. അതേസമയം അജണ്ടയിൽ ഒന്നാമത് ഉൾപ്പെടുത്തിയ കൺസ്ട്രക്‌ഷൻ കമ്പനിയുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാതിരിക്കാനുള്ള തന്ത്രമായാണ് ബി.ജെ.പി അംഗങ്ങളുടെ സ്‌പോൺസേഡ് സമരമെന്നാണ് യു.ഡി.എഫ് ആരോപിച്ചത്.