കൊടുങ്ങല്ലൂർ: നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പ്രവർത്തിച്ചുവരുന്ന ശില്പി തീയേറ്റർ ചലച്ചിത്രവികസന കോർപറേഷന് കൈമാറാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. തിയേറ്റർ നിലവിൽ പാട്ടത്തിനെടുത്തിട്ടുള്ള കരാറുകാരന്റെ പാട്ടക്കാലാവധി ഒക്ടോബർ 11ന് അവസാനിക്കാനിരിക്കെ നിലവിലുള്ള പാട്ടക്കാലാവധി മൂന്നു വർഷത്തേക്ക് കൂടി നൽകണമെന്ന് അഭ്യർത്ഥിച്ച് നൽകിയ കത്തിന്മേൽ നടന്ന ചർച്ചയ്ക്കൊടുവിലാണ് ഈ തീരുമാനം. യോഗത്തിൽ മുഴുവൻ അംഗങ്ങളുടെയും അംഗീകാരവും ഇതിന് ലഭിച്ചു.
ചലച്ചിത്രവികസന കോർപറേഷൻ തിയേറ്റർ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നത് വരെ ഇപ്പോൾ പാട്ടത്തിനെടുത്തിട്ടുള്ള അജേഷിന് തന്നെ തീയേറ്റർ നടത്തിപ്പിന്റെ ചുമതല നൽകാനും യോഗം തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ കൗൺസിൽ യോഗത്തിൽ ഈ വിഷയം അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും സി.പി.ഐ അംഗങ്ങൾ പൂർണമായും വിട്ടുനിന്നതിനാൽ ചർച്ച ചെയ്യാതെ മാറ്റിവയ്ക്കുകയായിരുന്നു.
നഗരസഭാ സെക്രട്ടറിയുടെ ഔദ്യോഗിക വസതിയോട് ചേർന്ന് 0.0117 ഹെക്ടർ ഭൂമി സംബന്ധിച്ച് ഹൈക്കോടതിയിൽ നിലവിലുണ്ടായിരുന്ന കേസിൽ നഗരസഭയ്ക്ക് അനുകൂലമായ ഉത്തരവുണ്ടായത് യോഗത്തിൽ റിപ്പോർട്ട് ചെയ്തു. ഭൂമി തിരിച്ചുപിടിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. ചെയർമാൻ കെ.ആർ. ജൈത്രന്റെ അദ്ധ്യക്ഷതയിൽ വൈസ് ചെയർമാൻ ഹണി പീതാംബരൻ, മുൻ ചെയർമാൻ സി.സി. വിപിൻ ചന്ദ്രൻ, സി.കെ. രാമനാഥൻ, കെ.എസ്. കൈസാബ്, അഡ്വ.സി.പി. രമേശൻ, ഒ.എൻ. ജയദേവൻ, ഐ.എൽ. ബൈജു, ടി.എസ്. സജീവൻ, ശാലിനി വെങ്കിടേഷ്, വി.എം. ജോണി തുടങ്ങിയവർ സംസാരിച്ചു.